നെടിയിരുപ്പ് ചെരുപ്പടി മല: കാഴ്ച മറയ്ക്കാത്ത രീതിയില്‍ സുരക്ഷയൊരുക്കും
കൊണ്ടോട്ടി:ടൂറിസ്റ്റ് കേന്ദ്രമായ നെടിയിരുപ്പ് ചെരുപ്പടി മലയില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കൊണ്ടോട്ടി നഗരസഭ ഒരുങ്ങുന്നു. ഞായറാഴ്ച കോട്ടയ്്ക്കല്‍ പറമ്പിലങ്ങാടി ആയാപറമ്പില്‍ ബൈജുവിന്റെ മകന്‍ സായൂജ് (11) പാറമടയിലേക്ക് വീണു വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നു.നേരത്തേയും കുളിക്കാനും പ്രകൃതി ആസ്വദിക്കാനുമായി എത്തിയ നിരവധി പേര്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി,സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.കെ.കെ സമദ്, മുഹമ്മദ് ഷാ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി.അബ്ദുറഹ്മാന്‍,ചുക്കാന്‍ ബിച്ചു, ഗീത, പി.എന്‍മോതി, എ.പി അബ്ദുറഹ്മാന്‍, നെടിയിരുപ്പ് വില്ലേജ് ഓഫിസര്‍ ബ്രജ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.പ്രദേശത്ത് കാഴ്ചമറക്കാത്ത രീതിയില്‍ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.ക്വാറികള്‍ക്ക് ചുറ്റും റോഡിനോട് ചേര്‍ന്നുമാണ് ഫെന്‍സിംഗ് നിര്‍മിക്കുക.ഇതിനായി 14ന് റവന്യൂ ഉദ്യോഗസ്ഥരുടേയും, ഭൂ ഉടമകളുടേയും സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേരും.
ജില്ലയില്‍ ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് മേഖലയാണ് ചെരിപ്പടി മലയും ഭാഗങ്ങളും. സമീപത്തായി തന്നെ മിനി ഊട്ടിയായ അരിമ്പ്ര മലയുമുണ്ട്.പാറമടയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനും മറ്റും ശ്രമിക്കുന്നതും ആഴമുള്ള ക്വാറിയില്‍ കുളിക്കാനിറങ്ങുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.സ്ഥല പരിചയമില്ലാതെ വരുന്നവരാണ് ഇവിടെ അപകടങ്ങളില്‍ പെടുന്നത് ഏറേയും.ആഴത്തില്‍ വെള്ളമുള്ള ക്വാറികളില്‍ നിറയെ പായലുടക്കം രക്ഷാപ്രവര്‍ത്തനത്തിന് പോലും വിനയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."