ലൈഫ് ഭവനപദ്ധതി ലിസ്റ്റില്‍ ഇടംപിടിച്ചത് ചുരുക്കം അപേക്ഷകര്‍ മാത്രം: 'ലൈഫ് ' എല്ലാവര്‍ക്കുമില്ല!
മലപ്പുറം: ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചതു ചുരുക്കം അപേക്ഷകര്‍ മാത്രമെന്ന് ആക്ഷേപം. ഇന്നലെയാണ് പദ്ധതിയുടെ അന്തിമ ലിസ്റ്റ് പഞ്ചായത്തുകളില്‍ പ്രസിദ്ധീകരിച്ചത്. കുടുംബശ്രീ തയാറാക്കിയ ലിസ്റ്റില്‍ പരിശോധന നടത്തി കഴിഞ്ഞ മാസം ഇരുപതിനകം ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു നീട്ടി മുപ്പതിലേക്കും ശേഷം പതിനൊന്നിലേക്കും മാറ്റുകയായിരുന്നു.
ഈ ലിസ്റ്റാണ് ഇന്നലെ പഞ്ചായത്തുകളില്‍ പ്രസിദ്ധീകരിച്ചത്. പഞ്ചായത്തുകള്‍ക്കു പുറമേ വില്ലേജ് ഓഫിസ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ലിസ്റ്റ് പ്രദര്‍ശിപ്പിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മാനദണ്ഡങ്ങളിലെ അപാകതകളും ലിസ്റ്റ് തയാറാക്കുന്നതിലെ അവ്യക്തതകളുമാണ് പദ്ധതിയെ സങ്കീര്‍ണമാക്കുന്നത്. ഓരോ പഞ്ചായത്തിലും ചുരുക്കം അപേക്ഷകര്‍ മാത്രമേ അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളൂ.
സ്വന്തമായി ഭൂമിയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാകും ലൈഫ് ഭവനപദ്ധതിയെന്നു സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതു മിക്ക പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ കഴിയില്ല. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കു പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്തു ഭവനസമുച്ചയം നിര്‍മിച്ചുനല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇതു നടപ്പിലാക്കാനാകില്ല. ചുരുങ്ങിയത് 30 സെന്റ് സ്ഥലമെങ്കിലും ഇതിനായി നീക്കിവയ്‌ക്കേണ്ടിവരും. ജില്ലയില്‍ ഭവനപദ്ധതി അപേക്ഷകരില്‍ ഭൂരിപക്ഷമാളുകളും സ്വന്തമായി ഭൂമിയില്ലാത്തവരാണ്.
നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ആക്ഷേപമുള്ളവര്‍ക്ക് 16വരെ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കാനുള്ള അവസരമുണ്ട്. രണ്ടാംഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് ഈ മാസം 28നു പട്ടിക പുനഃപ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഗ്രാമസഭ കൂടി പട്ടികയ്ക്ക് അംഗീകാരം നല്‍കും. ശേഷം ഒക്ടോബര്‍ 25നു പട്ടികകള്‍ ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, അര്‍ഹരായവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയില്ലെന്നാണ് ആശങ്ക. സ്വന്തമായി റേഷന്‍ കാര്‍ഡ് ഉള്ളവരായിരിക്കണമെന്നതാണ് ലൈഫ് ഭവന പദ്ധതിയിലെ പ്രധാന മാനദണ്ഡം. സ്വന്തമായി വീടുവയ്ക്കാന്‍ കഴിയാത്തതുമൂലം കൂട്ടുകുടംബമായി താമസിക്കുന്നവര്‍ക്കു സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടാകില്ല. ഇത്തരക്കാരാണ് ജില്ലയില്‍ കൂടുതല്‍ പേരും. ഇതിനാല്‍ ഇവര്‍ ഈ പദ്ധതിയില്‍നിന്നു പുറത്താകും. സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലും ഭൂമിയില്ലാത്തവരായാലും നിലവിലെ സാഹചര്യത്തില്‍ ലൈഫ് പദ്ധതിയുടെ ഗുണം ലഭിക്കില്ല. ലൈഫ് പദ്ധതി പ്രഖ്യാപിച്ചതോടെ പഞ്ചായത്തുകള്‍ക്ക് മറ്റു ഭവന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഫണ്ട് വകയിരുത്തുന്നതിനും വിലക്കുണ്ട്. നിലവില്‍ ഭവന പദ്ധതികളുമായി ബന്ധപ്പെട്ട ധനസഹായം ആര്‍ക്കും കിട്ടാത്ത അവസ്ഥയാണ്.
ഭവനപദ്ധതികള്‍ക്കു ഫണ്ട് നല്‍കുന്നതില്‍ നഗരസഭകള്‍ക്കു തടസമില്ലെങ്കിലും ലൈഫ് പ്രഖ്യാപിച്ചതോടുകൂടി മറ്റു ഭവനപദ്ധതികളെല്ലാം നിലച്ച അവസ്ഥയിലാണ്. ജില്ലയില്‍ വീടില്ലാത്തവരായി 73,540 കുടംബങ്ങളുണ്ടെന്നാണ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത്. ഇതില്‍ 52,106 പേര്‍ക്ക് സ്വന്തമായി ഭൂമിയും ഇല്ല. 21,434 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും വീടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."