ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഇന്ത്യയുടെ പരാതി
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ത്യ ഓസ്‌ട്രേലിയക്ക് പരാതി നല്‍കി. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്റ് ലൈവ് സ്റ്റോക്കിന്റെ പരസ്യത്തിനെതിരെയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഓസീസ് സര്‍ക്കാരിന് പരാതി നല്‍കിയത്.
വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് മാംസം കഴിക്കുന്നതായാണ് പരസ്യത്തിലുള്ളത്. യേശു, ബുദ്ധന്‍, മോസസ്, ഗണപതി, സിയൂസ് എന്നിവരെല്ലാം പരസ്യത്തിലുണ്ട്. ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്.
ഒരു ഡേ കെയര്‍ സെന്ററില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരേണ്ടതുണ്ടെന്നും അതിനാല്‍ തനിക്ക് വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്നും ഫോണില്‍ വിളിച്ചറിയിക്കുന്ന പ്രവാചകന്‍ മുഹമ്മദിനെയും പരസ്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ഗണപതി മാംസാഹാരം കഴിക്കില്ലെന്നും ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്. ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ഇന്ത്യന്‍ ഹൈകമ്മിഷന്‍ ഈ വിഷയം ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും മീറ്റ് ആന്റ് ലൈവ്‌സ്റ്റോകിനോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോയ്ക്ക് ലഭിച്ചിരുന്നത്.
]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."