മദ്യശാലകളുടെ ദൂരപരിധി കുറച്ച നടപടി ജനവഞ്ചന: പി.സി ചാക്കോ
തൃശൂര്‍: മദ്യ മുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യനയമുണ്ടാക്കുന്നതെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ.മദ്യശാലകളുടെ ദൂരപരിധി കുറച്ച നടപടി വഞ്ചനാപരമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ മദ്യശാലകളൊന്നും തുറക്കില്ലെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം വാക്കിന് വിലയുണ്ടെങ്കില്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിയുടെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ധര്‍ണയുടെ ഭാഗമായി തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ ഡി.സി.സി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം മദ്യശാലകള്‍ക്കു അനുമതി നല്‍കിയ കോടിയേരിയും പിണറായി വിജയനും കമ്മ്യൂണിസ്റ്റാണോ എന്നും ചാക്കോ ചോദിച്ചു.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യന്‍ വിപണിയില്‍ വിലകൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയിലിപ്പോള്‍ പെട്രോളിന്റെ ഉത്പാദന വില ലിറ്ററിന് 21 രൂപയാണ്. നികുതി കൂട്ടിയാലും 35 രൂപയേ വരൂ. ബാക്കി 35 രൂപ ജനങ്ങളെ കൊള്ളയടിക്കലാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു.
മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, അനില്‍ അക്കര എം.എല്‍.എ, ടി.വി ചന്ദ്രമോഹന്‍, എം.കെ പോള്‍സണ്‍, ഐ.പി പോള്‍, എം.പി ഭാസ്‌കരന്‍ നായര്‍, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ഒ അബ്ദുല്‍ റഹ്മാന്‍കുട്ടി, പി.എ മാധവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."