കാട്ടാന ശല്യം: ഗൂഡല്ലൂര്‍ മേഖലയില്‍ ജനങ്ങള്‍ വീടൊഴിഞ്ഞ് പോകുന്നു
ഗൂഡല്ലൂര്‍: ആനപ്പേടി കാരണം ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ വീടൊഴിഞ്ഞ് പോകുന്നു. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല പഞ്ചായത്തിലെ കറക്കപാളി വാച്ചികൊല്ലിയില് നിന്ന് ഇതിനകം 25 ഓളം കുടുംബങ്ങളാണ് വീടുവിട്ട് പോയത്. സമീപ പ്രദേശങ്ങളിലെ വാടക വീടുകളിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. 75 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.
രാത്രിനേരങ്ങളിലെത്തുന്ന കാട്ടാനകള്‍ പ്രദേശത്തെത്തി വ്യാപക നാശം വരുത്തുന്നത് പതിവായിരുന്നു. വന്യ മൃഗശല്യം കാരണം വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാനും ജനങ്ങള്‍ക്ക് ജോലിക്ക് പോകാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവര്‍ താമസിച്ചിരുന്ന വീടുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. നീലഗിരി ജില്ലയില്‍ മൂന്നു വര്‍ഷത്തിനിടെ 40 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2016ല്‍ മാത്രം ഇതുവരെ 10 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബാലവാടി, ബാര്‍വുഡ്, ഗാന്ധിനഗര്‍, സീഫോര്‍ത്ത്, എല്ലമല, പെരിയശോല, ചൂണ്ടി, ആറാട്ടുപാറ, തുറപ്പള്ളി, മണ്വയല്, ബോസ്പറ, മച്ചികൊല്ലി, ചെമ്പകൊല്ലി, മേഫീല്‍ഡ്, നെല്ലാക്കോട്ട, പാലംവയല്, വിലങ്ങൂര്‍, പാക്കണ, പാട്ടവയല്‍, സൂസംപാടി, ഉപ്പട്ടി, ബിദര്‍ക്കാട്, കരിയശോല, റാക്കോട്, ദേവാല, നാടുകാണി, പുളിയംപാറ, മേല്‍ ഗൂഡല്ലൂര്‍, താഴെനാടുകാണി, ത്രീഡിവിഷന്, കണിയംവയല്, കറക്കപാളി, പന്തല്ലൂര്‍, ചേരമ്പാടി, ചേരങ്കോട്, കൊളപ്പള്ളി, ഏലിയാസ്കട, അയ്യംകൊല്ലി, മാങ്കോ റെയ്ഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. ഒറ്റയായും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപക നാശമാണ് വരുത്തുന്നത്. വീട്ടിനുള്ളില്‍ ആനക്കുട്ടികള്‍ കയറിയാല്‍ മറ്റു ആനകള്‍ കയറി വീട് നിരപ്പാക്കുകയാണ് ചെയ്യുന്നത്. വനപാലകര്‍ പടക്കംപൊട്ടിച്ചും താപ്പാനകളെ ഉപയോഗിച്ചും ആനകളെ വനത്തിനുള്ളിലേക്ക് തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിക്കുന്നില്ല. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."