വില്ലേജ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മുട്ടട വില്ലേജ് ഓഫിസര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആര്.ഡി.ഒക്ക് നിര്‍ദ്ദേശം നല്കി.
ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. മുട്ടട വില്ലേജ് ഓഫിസറുടെ നടപടിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ആര്.ഡി.ഒ നാലാഴ്ചക്കകം വിശദീകരണം ഫയല്‍ ചെയ്യണം. കേസ് ഒക്ടോബറില്‍ പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസിലിരുന്ന് മാത്രം ജോലി ചെയ്താല്‍ പോരെന്ന് കമ്മീഷന് ചൂണ്ടികാണിച്ചു.
ചിലപ്പോള്‍ ജോലിയുടെ ഭാഗമായി അന്വേഷണം നടത്താന്‍ സ്ഥലം സന്ദര്‍ശിക്കേണ്ടി വരുമെന്നും കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസറെ സമീപിച്ച ബന്ധുക്കളോടാണ് രോഗിയെ ഹാജരാക്കാന്‍ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥന് ആശുപത്രിയില്‍ ചെന്ന് രോഗിയെ കാണേണ്ടതായിരുന്നെന്ന് ഉത്തരവില്‍ പറഞ്ഞു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."