വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി
കൊച്ചി: പുതിയ ആശയങ്ങളുമായി കേരളത്തിലേക്കു വരുന്ന ഒരു സംരംഭകനും നിരാശനായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.) കൊച്ചിയില്‍ സംഘടിപ്പിച്ച യുവ സംരംഭകത്വ ശില്‍പ്പശാലയായ 'യേസ് 3 ഡി 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംരംഭകത്വവുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുന്നത് ഉള്‍പ്പെടെ ഒരു മേഖലയിലും തടസങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.ടി. അധിഷ്ഠിത മേഖലകളില്‍ മാത്രമാകരുത് സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം. കൃഷി, വിനോദ സഞ്ചാരം, ആരോഗ്യം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വ്യത്യസ്തങ്ങളായ മേഖലകളില്‍ നൂതന ആശയങ്ങളുമായി യുവാക്കള്‍ കടന്നു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി.യുടെ സഹായത്തോടെ അസീമോ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത റോബോട്ട് വേദിയിലെത്തി കൈമാറിയ ടാബ് ഉപയോഗിച്ച് യേസ് 3 ഡി 2017 ന്റെ പ്രമേയ ചിത്രം പ്രദര്‍ശിപ്പിച്ചാണ് മുഖ്യമന്ത്രി സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.
വ്യവസായ രംഗത്തെ തടസങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഐ.ഡി.സി.യെ നോഡല്‍ ഏജന്‍സിയാക്കാനുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ വ്യക്തമാക്കി. ഭൂമിയുടെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ പുതിയ സംരംഭങ്ങള്‍ക്കു വേണ്ടി 5000 ഏക്കര്‍ അതിവേഗത്തില്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഐ.ടി സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍, എം. സ്വരാജ് എം.എല്‍.എ, കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, സംസ്ഥാന വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍, മരട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിനീല സിബി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന സ്വാഗതവും ടൈ പ്രസിഡന്റ് രാജേഷ് നായര്‍ നന്ദിയും പറഞ്ഞു.
ഹാജി, പി. പവിത്രന്‍, സി.വി മുഹമ്മദ്, ജോണ്‍സണ്‍ വിളവിനാല്‍, ഡാനിയല്‍ ജോര്‍ജ്, ഉണ്ണികൃഷ്ണ പിള്ള, കെ. പവിത്രന്‍, ബാബു ചെറിയാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."