ഗുജറാത്ത് കൂട്ടക്കൊല: സാക്ഷിവിസ്താരത്തിന് അമിത് ഷായെ കോടതി വിളിപ്പിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയ്ക്കിടെയുണ്ടായ നിഷ്ടൂരസംഭവമായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ സാക്ഷിവിസ്താരത്തിന് ഹാജരാവാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും സംസ്ഥാന മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത്ഷായോട് വിചാരണക്കോടതി ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതിയും ഗുജറാത്തിലെ നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന മായാ കൊട്‌നാനിയുടെ അപേക്ഷയെത്തുടര്‍ന്നാണ് അടുത്ത തിങ്കളാഴ്ച നേരിട്ടു ഹാജരാവണമെന്ന് അമിത്ഷായോട് കോടതി ആവശ്യപ്പെട്ടത്.
അഹമ്മദാബാദിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി പി.ബി ദേശായിയുടേത് ആണ് നടപടി. നരോദാപാട്യ കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്നും അതിനു അമിത്ഷാ അടക്കമുള്ള 14 പേര്‍ സാക്ഷിയാണ് എന്നുമാണ് കൊട്‌നാനിയുടെ വാദം. തന്റെ ഈ വാദത്തിനു സാക്ഷിപറയാന്‍ 14 പേരെയും വിളിപ്പിക്കണമെന്നും കൊട്‌നാനി ആവശ്യപ്പെട്ടിരുന്നു.
ഇതേടുര്‍ന്നാണ് അമിത്ഷായെയും കോടതി വിളിപ്പിച്ചത്. ബാക്കിയുള്ളവര്‍ കൊട്‌നാനിയുടെ ഭര്‍ത്താവും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ്. ഇവരൊക്കെയും നേരത്തെ കൊട്‌നാനിക്ക് അനുകൂലമായി മൊഴിനല്‍കുകയും ചെയ്തിരുന്നു.
മായാ കൊട്‌നാനിയുടെ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ അമിത് ഷായെ കൊണ്ടുവരാന്‍ അവര്‍ക്ക് കോടതി നിര്‍ദേശവും നല്‍കുകയുണ്ടായി. എന്നാല്‍ ഇന്നലെ അമിത്ഷാ വരാതിരുന്നതോടെയാണ് അദ്ദേഹത്തിന് സമന്‍സ് അയച്ചത്. അതേസമയം, തിങ്കളാഴ്ച അമിത് ഷാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ വീണ്ടും അദ്ദേഹത്തെ വിളിച്ചുവരുത്തില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കൊട്‌നാനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് പാട്ടീല്‍ അമിത്ഷായുടെ ഗുജറാത്തിലെയും ഡല്‍ഹിയിലെയും വിലാസങ്ങള്‍ കോടതിക്കു കൈമാറി.
നരോദ പാട്യ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 2012 ഓഗസ്റ്റിലാണ് അറുപതുകാരിയായ കൊട്‌നാനിക്കെതിരേ കുറ്റം ചുമത്തിയത്. സ്ത്രീരോഗ വിദഗ്ധയായ അവര്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സര്‍ക്കാരില്‍ സ്ത്രീ, ശിശുവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതോടെയാണ് അവര്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."