ഗൗരി ലങ്കേഷ് വധം: ബംഗളൂരുവില്‍ വന്‍ പ്രതിഷേധ റാലി
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ വന്‍ പ്രതിഷേധ റാലി. ഇന്നലെ സംഘടിപ്പിച്ച റാലിയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
പുരോഗമന കൂട്ടായ്മയായ 'ഗൗരി ലങ്കേഷ് ഹത്യ വിരോധി വേദിക്' ആണ് പരിപാടി സംഘടിപ്പിച്ചത്. സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിച്ചത്.
ഗാനങ്ങള്‍ ആലപിച്ചും 'ഗൗരി ജീവിച്ചുകൊണ്ടിരിക്കുന്നു' എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ ഗൗരിയുടെ കൊലപാതകത്തില്‍ പങ്കാളികളായവരെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. 'ഞാന്‍ ഗൗരി' എന്ന പേരിലുള്ള കറുത്ത തുണികള്‍ ധരിച്ച പ്രതിഷേധക്കാര്‍ സെന്‍ട്രല്‍ കോളജ് മൈതാനിയിലേക്കാണ് റാലി നടത്തിയത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍, മാധ്യമപ്രവര്‍ത്തകരായ പി. സായിനാഥ്, സാഗരിക ഘോഷ്, സ്വരാജ് ഇന്ത്യയുടെ നേതാക്കളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാതവ്, സംവിധായകരായ ആനന്ദ് പട്വര്ധന്, പ്രകാശ് റായി, രാകേഷ് ശര്‍മ, സാമൂഹിക പ്രവര്‍ത്തകരായ ട്വീസ്റ്റ് സെറ്റല്‍വാദ്, കവിതാ കൃഷ്ണ, ജീഗ്നേഷ് മേവാനി എന്നിവര്‍ പങ്കെടുത്തു.
ഗൗരി ലങ്കേഷിന്റെ വധത്തിനെതിരേ പോരാടാന്‍ പുരോഗമന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.
കൊലപാതകത്തിനെതിരേ രാജ്യ വ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടത്താനും കൂട്ടായ്മ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."