മ്യാന്മറിന് പിന്തുണ അറിയിച്ച് ചൈന രംഗത്ത്
ധാക്കബയ്ജിങ്: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന അതിക്രമത്തില്‍ ഐക്യരാഷ്ട്ര സഭ അടിയന്തര യോഗം വിളിച്ചതിനു തൊട്ടുപിറകെ മ്യാന്മറിനു പിന്തുണ അറിയിച്ച് ചൈന. അഭയാര്‍ഥികളെ തിരിച്ചുവിളിക്കാന്‍ മ്യാന്മര്‍ തയാറാകണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടപ്പോള്‍ സൈനിക നടപടിക്കു പിന്തുണ അറിയിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് ചേരുന്ന യു.എന്‍ അടിയന്തര യോഗത്തില്‍ മ്യാന്മറിനെതിരേ കടുത്ത നടപടിയുണ്ടാകാന്‍ സാധ്യത തെളിഞ്ഞ പശ്ചാത്തലത്തിലാണ് ചൈന പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മ്യാന്മറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒന്നാണ് ചൈന. ഇന്നത്തെ യോഗത്തില്‍ ഉപരോധ നീക്കങ്ങളുണ്ടാകുകയാണെങ്കില്‍ വീറ്റോ അധികാരം ഉപയോഗിക്കുമെന്നാണ് ചൈനയുടെ പുതിയ നിലപാട് സൂചിപ്പിക്കുന്നത്.
രാജ്യത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും മ്യാന്മറിനുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് കഴിഞ്ഞ ദിവസം അറിയിച്ചു. എത്രയും പെട്ടെന്ന് രാജ്യത്ത് സാധാരണ ജീവിതവും ക്രമസമാധാനവും പുനഃസ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആങ് സാന്‍ സൂകിക്കു കീഴിലുള്ള മ്യാന്മറുമായി ചൈന അടുത്തിടെ വ്യാപാര, ഊര്‍ജ മേഖലകളിലടക്കം സഹകരണം ശക്തമാക്കിയിരുന്നു.
മാനുഷിക പരിഗണനവച്ചെങ്കിലും റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടു. മാനുഷിക പരിഗണനയോടെ വിഷയങ്ങള്‍ കാണാന്‍ സര്‍ക്കാര്‍ തയാറാകണം. നിരപരാധികളാണു ദുരിതമനുഭവിക്കുന്നത്. ഇത് അവസാനിപ്പിക്കാനും അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് സുരക്ഷ ഒരുക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും ഹസീന ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.
അതിനിടെ, ഇതുവരെയായി ബംഗ്ലാദേശിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം 3,70,000 കടന്നതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."