ഉംറ സീസണ് നേരത്തെയാക്കല്‍: പൂര്‍ണ സജ്ജമെന്ന് മന്ത്രാലയം
മക്ക:അടുത്ത അറബ് വര്‍ഷം മുതല്‍ ഉംറ സീസണ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം മാസം തുടക്കത്തില്‍ തന്നെ ഉംറ സീസണ് ആരംഭിക്കാനാണ് മന്ത്രാലയം പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു അടുത്തവര്‍ഷം നേരത്തെ നടത്തുന്ന ഉംറ സീസണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മക്കയില്‍ ഹജ്ജ്, ഉംറ, മന്ത്രാലയത്തിന്റെ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയത്.
വിവിധ സര്‍ക്കാര്‍, സ്വകാര്യ മേഖല വിഭാഗങ്ങളുടെ സഹായത്തോടെ ഇ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ണ്ണമായി പര്യവസാനിച്ചു. അടുത്തത് ഉംറ സീസണാണ്. സീസണ് അവസാനിച്ച നിലവിലെ വര്‍ഷത്തില്‍ 67 ലക്ഷം ഉംറ തീര്‍ത്ഥാടകരാണ് മക്കയില്‍ എത്തിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഇത് കൂടുതലാണ്. കഴിഞ്ഞ സീസണ് ശവ്വാല്‍ അവസാനം വരെയായി മന്ത്രാലയം ദീര്‍ഘിപ്പിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ഉംറ സീസണില്‍ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഇതിനെക്കാളും ഗണ്യമായി ഉയരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
ഉംറ സീസണ് നേരത്തേയാക്കുന്നതിനുള്ള സജ്ജീകരണങ്ങളും അധികൃതര്‍ വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടകരെ കൊണ്ട് വരുന്നതിനായി നാലായിരത്തോളം ഉംറ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി.
മക്ക ഹജ്ജ് ഉംറ ആസ്ഥാനത്തു വകുപ്പ് മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബിന്‍ തന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേര്‍ന്നത്. ഉംറ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ: അബ്ദുല്‍ അസീസ് വസ്സാന്‍, ഉംറ തീര്‍ത്ഥാടക വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ ഖുലൈബി, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."