മലയോരത്തിന്റെ ദാഹമകലും: മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി മെഗാ കുടിവെള്ള പദ്ധതി
മുക്കം: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ശാശ്വത പരിഹാരമാകുന്നു. തിരുവമ്പാടി, കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി മെഗാ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടിയാരംഭിച്ചു.
250 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളും മുക്കം നഗരസഭയും കൊടുവള്ളി മണ്ഡലത്തിലെ കൊടുവള്ളി നഗരസഭ, കിഴക്കോത്ത്, ഓമശേരി, മടവൂര്‍ പഞ്ചായത്തുകളും കുന്ദമംഗലം മണ്ഡലത്തിലെ ഓമശേരി പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 130 കോടി രൂപ ചെലവഴിക്കും.
നിലവില്‍ കോഴിക്കോട് നഗരത്തിലേക്കുള്‍പ്പെടെ ശുദ്ധജലം വിതരണം ചെയ്യുന്ന കൂളിമാട് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് വെള്ളം ശുദ്ധീകരിച്ച് മുക്കം കാരശേരിയിലെ എള്ളങ്ങല്‍ കോളനി പരിസരത്തെ ടാങ്കില്‍ എത്തിച്ചായിരിക്കും വിതരണം നടത്തുക. ഇതിനായി 44 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണ ടാങ്ക് സ്ഥാപിക്കും. ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കാരശ്ശേരി പഞ്ചായത്ത് ഏറ്റെടുത്തു നല്‍കും. ഈ വര്‍ഷം തന്നെ പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ മുക്കം നഗരസഭയും കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളും പദ്ധതിയുടെ പരിധിയില്‍ വരും. രണ്ടുവര്‍ഷത്തിനകം പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലയോര മേഖലയുടെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്ന് കണക്കുകൂട്ടുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വേനലില്‍ പദ്ധതി പ്രദേശത്തെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനായി മാത്രം മൂന്നു കോടി രൂപയിലധികം ചിലവഴിച്ചിരുന്നു. അടുത്ത വര്‍ഷവും വലിയ വേനലുണ്ടാവുമെന്ന സൂചനയാണ് ഈ വര്‍ഷത്തെ ദുര്‍ബലമായ കാലവര്‍ഷം സൂചിപ്പിക്കുന്നത്. ഇതുവരെ 20 ശതമാനത്തിലധികം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ പദ്ധതിയെ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."