കെ.എസ്.ആര്.ടി.സിയുടെ പാവങ്ങാട് ഡിപ്പോ 17ന് മാവൂര്‍ റോഡിലേക്ക് മാറും
കോഴിക്കോട്: കെ.എസ്.ആര്.ടി.സിയുടെ പാവങ്ങാട് ഡിപ്പോ മാവൂര്‍ റോഡിലെ മുഖ്യടെര്മിനലിലേക്ക് മാറ്റുന്നു. ഈ മാസം 17നാണ് ഓഫിസ് സംവിധാനമടക്കമുള്ള കാര്യങ്ങള്‍ മാവൂര്‍ റോഡിലേക്ക് മാറുന്നത്. പാവങ്ങാട് ഡിപ്പോയെ നിലനിര്‍ത്തിക്കൊണ്ട് നിലവില്‍ ടിക്കറ്റ്, കാഷ്, ഗാരേജ് മിനിസ്റ്റീരിയല്‍ വിങ് എന്നിവയാണ് മാവൂര്‍ റോഡിലെ മുഖ്യടെര്മിനലിലെ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്ങിലേക്ക് മാറുക.
പാവങ്ങാട്ടെ ഡിപ്പോയില്‍ കൂടുതല്‍ സമയം ആവശ്യമായ വാഹനങ്ങളുടെ പ്രവൃത്തികള്‍ (ലോങ് പെന്റിങ് ഡോക്ക് വര്‍ക്ക് ), മാസാന്ത പരിശോധന, ദിനേനയുള്ളതും ആഴ്ചതോറുമുള്ള പരിശോധന എന്നിവയാണ് നടക്കുക. സര്‍വിസ് തുടങ്ങലും അവസാനിക്കലും ഇനിമുതല്‍ മാവൂര്‍ റോഡിലെ മുഖ്യടെര്മിനലില് നിന്നായിരിക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ജീവനക്കാര്‍ കടുത്ത ദുരിതമനുഭവിക്കുന്ന കെ.എസ്.ആര്.ടി.സിയുടെ പാവങ്ങാട് ഡിപ്പോ മുഖ്യടെര്മിനലിലേക്ക് മാറ്റുകയെന്നത് തൊഴിലാളികളുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു.
ഉദ്ഘാടനത്തിനുശേഷം ഭാഗികമായി ഡിപ്പോ മാറ്റിയിരുന്നെങ്കിലും പൂര്‍ണമായും മാറ്റാന്‍ അന്ന് അധികൃതര്‍ തയാറായിരുന്നില്ല. ഇതിന്റെ ഭാഗമായി തൊഴിലാളി യൂനിയനുകള്‍ ശക്തമായ സമരവുമായി മുന്നോട്ടു പോയിരുന്നു. തുടര്‍ന്നാണ് ഡിപ്പോ മുഖ്യടെര്മിനലിലേക്ക് മാറ്റാന്‍ തീരുമാനമായത്. 17ന് നടക്കുന്ന ചടങ്ങ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന് എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."