മഴക്കാല പക്ഷി സര്‍വേ; തെക്കേ വയനാട്ടില്‍ 118 ഇനം പക്ഷികളെ കണ്ടെത്തി
കല്‍പ്പറ്റ: മഴക്കാലത്തിന്റെ അനുബന്ധമായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പക്ഷി സര്‍വേയില്‍ തെക്കേ വയനാട്ടില്‍ 118 ഇനം പക്ഷികളെ കണ്ടെത്തി.
സംസ്ഥാന വനംവകുപ്പ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി, ഫോറസ്ട്രി കോളജ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സര്‍വേ.
പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂര്‍വമായ സസ്യ-പക്ഷി വൈവിധ്യം കൊണ്ട് സമ്പന്നമാണ് തെക്കേ വയനാട്. സമുദ്രനിരപ്പില്‍ നിന്ന് 1000 മുതല്‍ 2200 മീറ്റര്‍ വരെ ഉയരമുള്ള കൊടുമുടിയില്‍ ഉള്‍പ്പെടുന്ന ഇവിടുത്തെ വെള്ളരിമല, എളമ്പിലേരി മല, ചെമ്പ്രമല, മണ്ടമല, വണ്ണാത്തിമല, കുറിച്യര്‍മല, ഈശ്വരമുടി, ബാണാസുരന്‍മല എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്.
സര്‍വേയില്‍ കേരളത്തില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്ന ഏഴ് ശ്രീലങ്കന്‍ ബേ ഔളിനെ തൊള്ളായിരം മലയിടുക്കുകളിലെ വനത്തില്‍ കണ്ടെത്തി.
ഉയരംകൂടിയ പുല്‍മേടുകളില്‍ മാത്രം കാണപ്പെടുന്ന നെല്‍പൊട്ടന്‍, പോതക്കിളി എന്നിവയെ ചെമ്പ്ര, വണ്ണാത്തിമല, കുറിച്യര്‍മല, ബാണസുരമല എന്നിവിടങ്ങളില്‍ നിരവധിയായി കണ്ടെത്തി. ഒന്‍പതിനം പരുന്തുകള്‍, ഏഴിനം ചിലപ്പന്‍മാര്‍, അഞ്ചിനം പ്രാവുകള്‍, അഞ്ചിനം മരംകൊത്തികള്‍, ആറിനം ബുള്‍ബുളുകള്‍, 16 ഇനം നീര്‍പക്ഷികള്‍ എന്നിവയാണ് സര്‍വേയില്‍ കണ്ടെത്തിയ മറ്റ് പക്ഷികള്‍.
ബാണാസുര സാഗര്‍ അണക്കെട്ടില്‍ വലിയ നീര്‍ക്കാക്ക, ചെറിയ നീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക, ചേരക്കോഴി, പുള്ളിച്ചുണ്ടന്‍ താറാവ് എന്നിവയെ കണ്ടെത്തി.
ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, റേയിഞ്ച് ഓഫിസര്‍മാരായ പി.കെ അനൂപ്കുമാര്‍, ബി ഹരിചന്ദ്രന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ ആസിഫ്, സെക്ഷന്‍ ഓഫിസര്‍ കെ.ഐ.എം ഇഖ്ബാല്‍, എസ് പ്രഭാകരന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ പക്ഷിനിരീക്ഷകരായ ഡോ. രതീഷ് ആര്‍, ശ്വേതാ ഭാരതി, സഹന, അരുണ്‍ ചുങ്കപ്പള്ളി, അരവിന്ദ് അനില്‍, രാഹുല്‍ രാജീവന്‍, മുഹമ്മദ് അസ്‌ലം, വി.കെ അനന്തു, മുനീര്‍ തോല്‍പ്പെട്ടി, അനുശ്രീഭ, ഷബീര്‍ തുറക്കല്‍, സബീര്‍ മമ്പാട്, ശബരി ജാനകി എന്നിവരാണ് വിവിധ കേന്ദ്രങ്ങളില്‍ സര്‍വേക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."