തൃക്കാക്കര നഗരസഭ: ഓണാഘോഷത്തിനിടെ പാമ്പുകളി; അധികൃതര്‍ക്ക് എതിരേ കേസെടുക്കണമെന്ന് ആവശ്യം
കാക്കനാട്: നഗരസഭയുടെ ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികള്‍ക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പുകളും. തിങ്കളാഴ്ച രാത്രിയില്‍ കലക്ട്രേറ്റ് പരേഡ് ഗ്രൗണ്ടിലായിരുന്നു കാണികളെ ഭയചിക്തരാക്കിയ പാമ്പുവിളയാട്ടം അരങ്ങേറിയത്. വംശനാശം നേരിടുന്ന പത്തിലധികം വിഷപ്പാമ്പുകളുമായി വേദിയില്‍ നൃത്തമാടിയ സംഘം, സംഭവം വിവാദമായതോടെ പൊലിസിന്റെ കണ്ണ് വെട്ടിച്ചു കടന്നു കളയുകയും ചെയ്തു.
വനം വന്യജീവി സംരക്ഷണ നിയമം ലംഘിച്ചവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഉഗ്രവിഷമുള്ള എട്ടടി മൂര്‍ഖനും, പുല്ലാനി മൂര്‍ഖനും, അണലിയും വേദിയിലെത്തിച്ചിരുന്നു. വനം വന്യജീവി സംരക്ഷണ നിമപ്രകാരം വിഷപാമ്പുകളെയും, വിഷ രഹിത ഉരഗങ്ങളെയും പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്.
തൃക്കാക്കര നഗരസഭ അധികൃതര്‍ ജില്ല ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള പരേഡ് ഗ്രൗണ്ടില്‍ രാത്രിയില്‍ വിഷപ്പാമ്പുകളെ ഉപയോഗിച്ച നൃത്തം അവതരിപ്പിക്കാന്‍ അവസരമൊരുക്കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച രാത്രിയില്‍ സാജു നവോദയുടെ സ്‌കിറ്റും, നൃത്തങ്ങളും, നാടന്‍ പാട്ടുകളും അരങ്ങു നിറഞ്ഞാടുന്നതിനിടെയാണ് വിവാദമായ പാമ്പു നൃത്തം അവതരിപ്പിച്ചത്. വേദിയുടെ പിന്നില്‍ കൂടകളില്‍ സൂക്ഷിച്ചിരുന്ന വിവിധയിനം വിഷപ്പാമ്പുകളെ ഓരോന്നായി വേദിയിലെത്തിച്ചായിരുന്നു നൃത്തം. പാമ്പുകളെ കഴുത്തിലും, കൈകളിലും തൂക്കി വേദിയില്‍ നിന്നിറങ്ങിയ കലാകാരന്മാര്‍ കാണികള്‍ക്കിടയിലേക്കിറങ്ങുകയായിരുന്നു. ഇതോടെ ഇരിപ്പിടങ്ങള്‍ വിട്ട് സ്ത്രീകളും കുട്ടികളും പരക്കം പാഞ്ഞു. പാമ്പു വിളയാട്ടം പതിനഞ്ച് മിനിട്ടോളം നീണ്ടു.
രാത്രി പതിനൊന്നരയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പുകളുമായി നൃത്തമാടിയ സംഘം സ്ഥലം വിട്ടിരുന്നു. സംഭവം വിവാദമായതോടെ എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതര്‍. വന്യജീവി സംരക്ഷ നിയമം ലംഘിച്ച് കലാപരിപാടിക്കിടയില്‍ വിഷപാമ്പുകളെ ഉപയോഗിച്ചതിനും, കാണികളെ ഭീതിയിലാക്കിയതിനും സംഘത്തിന്റെ പേരില്‍ നടപടിയുണ്ടാവും. ഇവരുടെ വിലാസം സംഘാടകരില്‍ നിന്നും പൊലിസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതെസമയം വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് വിഷപ്പാമ്പുകളെ പ്രദര്‍ശിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിയ പരിപാടി സംഘടിപ്പിച്ച തൃക്കാക്കര നഗരസഭക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എം.ഒ. വര്‍ഗീസ് തൃക്കാക്കര പൊലിസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."