ശ്രീകൃഷ്ണ ജയന്തി ആഘോഷം: നാടിനെ അമ്പാടിയാക്കി പതിനാറായിരത്തിലധികം കണ്ണന്മാര്‍
കോട്ടയം: നാടിനെ അമ്പാടിയാക്കി പതിനാറായിരത്തിലധികം കണ്ണന്മാര്‍ വീഥികള്‍ നിറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 1000 സ്ഥലങ്ങളിലായി നടന്ന ശോഭായാത്രകളിലാണ് ഉണ്ണിക്കണ്ണന്മാര്‍ നിറഞ്ഞത്.
സുരക്ഷിതബാല്യം സുകൃതഭാരതം എന്ന സന്ദേശവുമായി നിശ്ചലദൃശ്യങ്ങളും ശോഭായാത്രയ്ക്കു മിഴിവേകി. കോട്ടയം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തിരുനക്കര സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ സ്വാഗതസംഘം അധ്യക്ഷന്‍ കൃഷ്ണപ്രസാദ് അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍ സജികുമാര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി. പാമ്പാടി, മണര്‍കാട്,അയര്‍ക്കുന്നം, ചങ്ങനാശേരി, കറുകച്ചാല്‍, വൈക്കം, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, രാമപുരം, കൊല്ലപ്പള്ളി, പാലാ, ചിറക്കടവ് എന്നിവിടങ്ങളിലും മഹാശോഭായാത്രകള്‍ നടന്നു. ശോഭാ യാത്രകള്‍ നടക്കുന്നതിനാല്‍ ഇന്നലെ നഗത്തില്‍ ഗതാഗതം നിയന്ത്രണവുമുണ്ടായിരുന്നു.വിവിധ പ്രദേശങ്ങളിലായി ഗോ പൂജാ, ഭാഗവതപാരായണം, വിളമ്പരഘോഷയാത്രകള്‍, ഉദ്ഘാടന സമ്മേളനം, അനുമോദനയോഗങ്ങള്‍ എന്നിവയും ശോഭായാത്രയുടെ ഭാഗമായി നടന്നു.
കുറവിലങ്ങാട്: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മേഖലയില്‍ 20 ശോഭായാത്രകള്‍ നടത്തി. കുറിച്ചിത്താനം, കടപ്പൂര്‍ എന്നിവിടങ്ങളില്‍ ശോഭായാത്രാസംഗമവും മഹശോഭായാത്രയും നടത്തി. മേഖലയില്‍ മലരീക്കര, വെളിയന്നൂര്‍, താമരക്കാട്, പൂവഇലയ്ക്കാട്, മണ്ണയ്ക്കാനാട്, കുര്യനാട്, പാലക്കാട്ടുമല, വയലാ, മാറിടം, കുറവിലങ്ങാട്, കളത്തൂര്‍, കുര്യം വെമ്പള്ളി, നരകത്തുംപടി, മഠത്തിപ്പറമ്പ്, വാറ്റുപുര, മൂലകോണം, ക്കേുളം എന്നീ പ്രദേശങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.
കുര്യനാട് ചെറുവള്ളിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഉച്ചക്കഴിഞ്ഞ് 3.30ന് ആരംഭിച്ച ശോഭായാത്രയും മണ്ണയ്ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയും കുറിച്ചിത്താനം കാരിപടവത്ത് കാവില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയും കുറിച്ചിത്താനത്ത് സംഗമിച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്ക്ക് മഹശോഭായാത്രയായി പുറപ്പെട്ടു. കടപ്പൂര്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയില്‍ മഠത്തിപറമ്പ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയും വാറ്റുപുര, മൂലകോണം ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകളും കടപ്പൂര്‍ ഗുരുദേവമന്ദിരത്തില്‍ സംഗമിച്ച ശേഷം മഹാശോഭായാത്രയായി കടപ്പൂര്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് വിശേഷാല്‍ പൂജകളും നടത്തി.
വൈക്കം: അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് കല്‍പകശേരി, കാളിയമ്മനട, അയ്യര്‍കുളങ്ങര, ചീരംകുന്നുംപുറം പാര്‍ഥസാരഥീക്ഷേത്രം, ഉദയനാപുരം ക്ഷേത്രം, പോളശേരി ക്ഷേത്രം, പനമ്പുകാട്, വലിയകവല അയ്യപ്പക്ഷേത്രം, ചാലപ്പറമ്പ്, പുളിഞ്ചുവട് എന്നിവിടങ്ങളില്‍നിന്ന് 3.30നു ശോഭായാത്രകള്‍ ആരംഭിച്ചു. ഇവ വലിയകവലയില്‍ സംഗമിച്ച് ബോട്ട് ജെട്ടി വഴി വൈക്കം മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ബ്രഹ്മമംഗലത്ത് മഹാദേവക്ഷേത്രത്തിനു സമീപവും തലയോലപ്പറമ്പില്‍ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപവും ശോഭായാത്രകള്‍ സംഗമിച്ചു. കീഴൂര്‍, പെരുവ, വെള്ളൂര്‍, മുളക്കുളം, വെച്ചൂര്‍, ഉല്ലല, തോട്ടകം കുപ്പേടിക്കാവ്, ടിവി പുരം, ചെമ്പ്, കാട്ടിക്കുന്ന്, മറവന്‍തുരുത്ത് ശാരദാമഠം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ സംഘടിപ്പിച്ചു.
ചങ്ങനാശേരി: പെരുന്ന, ളായിക്കാട്, പുഴവാത് സന്താനഗോപാല മൂര്‍ത്തിക്ഷേത്രം, തിരുമല ക്ഷേത്രം, പെരുന്ന കിഴക്ക്, പെരുന്ന പടിഞ്ഞാറ്, പൂവം തുടങ്ങിയ മേഖലയിലും ശോഭായാത്രകള്‍ നടത്തി. വാഴപ്പള്ളി, ദുര്‍ഗാപുരി, മഞ്ചാടിക്കര, തിരുവെങ്കിടപുരം, വട്ടപ്പള്ളി, പറാല്‍, വെട്ടിത്തുരുത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വേഴയ്ക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. മാടപ്പള്ളി, തെങ്ങണ, പന്‍പുഴ, പാലക്കുളം, വെങ്കോട്ട, ഇടപ്പള്ളി, ചേന്നമറ്റം, പങ്കിപ്പുറം, മാടപ്പള്ളി, ചൂരപ്പാടി, മാമ്മൂട്, മാന്നില, വട്ടച്ചാല്‍പടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു ശോഭായാത്രകള്‍ തെങ്ങണ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വടക്കേക്കര, കൊരട്ടിമല, ഏനാചിറ ഭാഗങ്ങളില്‍നിന്നുള്ള ശോഭായാത്ര വടക്കേക്കര അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു.
പായിപ്പാട്, പൊടിപ്പാറ, പായിപ്പാട്, വെള്ളാപ്പള്ളി, പുത്തന്‍കാവ്, നാലുകോടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ തേവര്‍നടയില്‍ സംഗമിച്ചശേഷം മഹാശോഭായാത്രയായി പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. ഇത്തിത്താനം, പൊന്‍പുഴ, ആനക്കുഴി, ഇളങ്കാവ്, ചിറവംമുട്ടം, ചെമ്പുപുറം, എസ്. പുരം എന്നീസ്ഥലങ്ങളിലെ ശോഭായാത്രകള്‍ സംഗമിച്ചു പൊന്‍പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയും സമാപിച്ചു.
ഈരാറ്റുപേട്ട: ഗൗരീശങ്കരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കടുവാമൂഴി വിശ്വകര്‍മ ഭജനമഠത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര അങ്കാളമ്മന്‍ കോവിലില്‍ സമാപിച്ചു. പൂഞ്ഞാര്‍ ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലിന് ധര്‍മശാസ്താക്ഷേത്രം, ശ്രീപുരംക്ഷേത്രം, തണ്ണിപ്പാറ, മണിയംകുന്ന് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ ശോഭായാത്രകള്‍ ടൗണില്‍ സംഗമിച്ച് മങ്കൊമ്പുംകാവ് ദേവീക്ഷേത്രത്തിലെത്തി കൊട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
ചേന്നാട് ശ്രീരാമ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാലിന് കൊട്ടാരമുറ്റത്തുനിന്നും 4.30ന് കെട്ടിടംപറമ്പ് കാണിക്കമണ്ഡപത്തില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ ശ്രീനാരായണ ഗുരുമന്ദിരത്തിങ്കല്‍ സംഗമിച്ച് മഹാശോഭായാത്രയായി ഇലഞ്ഞിത്താനം ദേവീക്ഷേത്രത്തിലും സമാപിച്ചു.
തലപ്പുലം ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നിന് ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ സമാപിച്ചു. പള്ളിക്കുന്ന് ശ്രീലക്ഷ്മി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുക്കുഴി, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ടൗണിലൂടെ മങ്കുഴി സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി പള്ളംമാക്കല്‍ ഭഗവതിക്ഷേത്രത്തിലെത്തി ശ്രീരാമകൃഷ്ണ ഭജനമന്ദിരത്തില്‍ സമാപിച്ചു. മൂന്നിലവ് നരിമറ്റം ഭജനമഠത്തില്‍ നിന്നു 3.30ന് ആരംഭിക്കുന്ന ശോഭായാത്ര മൂന്നിലവ് ടൗണില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."