വിളവെടുപ്പ് ഉത്സവമാക്കി ആദിവാസി വനിതാ കൂട്ടായ്മ
വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് തടിയനാല്‍ ആദിവാസി സെറ്റില്‍മെന്റ് പ്രദേശത്തെ ഹരിതശ്രീ വനിതാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന വാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി.
വാര്‍ഡിലെ പത്തോളം വരുന്ന ആദിവാസി ഗോത്ര വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹരിതശ്രീ വനിത സ്വയം സഹായസംഘം ഊരാളി മഹാസഭയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത് വിവിധ ഇനത്തില്‍പ്പെട്ട വാഴകള്‍ കൃഷി ചെയ്യുകയായിരുന്നു.
ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച കൃഷി ഗ്രൂപ്പിലെ അംഗങ്ങളാണ് പരിപാലിച്ചു പോന്നിരുന്നത്.
കൃഷിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി വെള്ളിയാമറ്റം കൃഷി ഓഫിസര്‍ അശ്വതി ദേവും ഇര്‍ക്കൊപ്പം ഉണ്ടായിരുന്നു. കൃഷിയുടെ ആദ്യ വിളവെടുപ്പ് ഒരു ഉത്സവമാക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇവര്‍. വാര്‍ഡ് മെമ്പര്‍ കെ.കെ രാഘവന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെമ്പര്‍ മോഹന്‍ദാസ് പുതുശേരി ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷി ഓഫിസര്‍ അശ്വതി ദേവ്, ഊരുമൂപ്പന്‍ പി.ജി സുധാകരന്‍ തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
കൃഷിയില്‍ നിന്നും ലഭിച്ച വരുമാനം ഗ്രൂപ്പിലെ അംഗങ്ങള്‍ വീതിച്ചെടുക്കാനാണ് തീരുമാനം.
വാഴകൃഷി വിജയകരമായതിനാല്‍ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് വിവിധ വിളകള്‍ കൃഷി ചെയ്യാനാണ് അംഗങ്ങളുടെ തീരുമാനമെന്ന് ഹരിതശ്രീ വനിതാ സ്വയം സഹായ സംഘം പ്രസിഡന്റ് ബിന്ദു ഗംഗാധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."