യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴു പേര്‍ പിടിയില്‍
ഹരിപ്പാട്: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴു പേര്‍ പിടിയിലായി.ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയില്‍ ലിജോ വര്‍ഗീസി (29) നെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നങ്ങ്യാര്‍കുളങ്ങര അകംകൂടി കറുകത്തറയില്‍ ശിവാനന്ദന്റെ മകന്‍ ശിവപ്രസാദ് (സുനീഷ് 31 ), ഇയാളുടെ സഹോദരന്‍ ശിവലാല്‍ (അനീഷ് 28), അകം കുടി ഉള്ളന്നൂര്‍ ശിവദാസന്റെ മകന്‍ ഷിബു (പോത്തന്‍ ഷിബു 26), അകംകുടി എഴുത്തുകാരന്റെ വടക്കതില്‍ മുകേഷ് (മൂങ്ങ മുകേഷ് 30), അകംകുടി അയനം വീട്ടില്‍ മനു (26), അകംകുടി ശ്രീ നിവാസില്‍ രാധാകൃഷ്ണന്റെ മകന്‍ രഞ്ജിത്ത് (34), പിലാപ്പുഴ തോട്ടുകടവില്‍ ഷാജഹാന്റെ മകന്‍ സുമീര്‍ ( മാഹീന്‍ 22 ) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരും ആറാം പ്രതി രഞ്ജിത്ത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആളും, ഏഴാം പ്രതി സുമീര്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ആംബുലന്‍സിന്റെ ഡ്രൈവറും നാലാം പ്രതി മുകേഷ് ഒന്നില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയുമാണ്.
ഒന്നാം പ്രതി ശിവപ്രസാദിന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ലിജോയ്ക്കുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. കൃത്യം നടത്തിയതിന് ശേഷം പ്രതികള്‍ ഹരിപ്പാട്ടു നിന്നും ട്രയിന്‍ മാര്‍ഗ്ഗം കായംകുളത്തേക്ക് രക്ഷപ്പെടുകയും അവിടെ നിന്നു കൊണ്ട് ഹരിപ്പാട് നിന്നും പ്രതികളുടെ സുഹൃത്തായ സുമീര്‍ ഓടിക്കുന്ന ആംബുലന്‍സ് ഫോണില്‍ വിളിച്ചു വരുത്തിയാണ് എറണാകുളത്തേക്ക് പോയത്. അവിടെ നിന്നും പ്രതികള്‍ പല സംഘങ്ങളായി തിരിഞ്ഞ് തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് പോയി. ഇവിടെയെല്ലാം പ്രതികളെ പിന്‍തുടര്‍ന്ന് പൊലിസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ വീണ്ടും പ്രതികള്‍ എറണാകുത്ത് ഒത്തുചേര്‍ന്ന് രണ്ടാം പ്രതി ശിവലാലിന്റെ കുണ്ടന്നൂരിലുള്ള ഭാര്യവീട്ടില്‍ പണത്തിനായി എത്തിയപ്പോഴാണ് പിടിയിലായത്.
ആലപ്പുഴ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്, സൈബര്‍ സെല്‍ ,ഫോറന്‍സിക് വിഭാഗം എന്നിവരുടെ സഹായത്തോടെ അന്വേഷണ സംഘം നടത്തിയ കൂട്ടായ പരിശ്രമമാണ് പ്രതികളെ വേഗത്തില്‍ പിടികൂടുവാന്‍ സഹായിച്ചത്.
കായംകുളം ഡി.വൈ.എസ്.പി അനില്‍ദാസ്, ഹരിപ്പാട് സി.ഐ. ടി. മനോജ്, എസ്.ഐ കെ.ജി.രതീഷ് ,വീയപുരം എസ്.ഐ അനില്‍കുമാര്‍, സി.പി.ഒമാരായ മനോജ്, നിഷാദ്, മധു, കിഷോര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്നും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."