താമസക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭ നോട്ടിസ് നല്‍കി
തളിപ്പറമ്പ് : അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്വകാര്യ ലോഡ്ജില്‍ എഴുപതോളം ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭ നോട്ടിസ് നല്‍കി.
ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്ക് സമീപവാസികള്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നതിനെക്കുറിച്ചും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തില്‍ ആളുകള്‍ കുത്തിനിറച്ച നിലയില്‍ താമസിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം കെട്ടിടം പരിശോധിക്കുകയും കെട്ടിടമുടമയെ വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലോഡ്ജ് മറ്റൊരാള്‍ക്ക് നടത്തിപ്പിന് കൊടുത്തിരിക്കയാണെന്ന് പറഞ്ഞ് ഉടമ ഒഴിഞ്ഞു. തുടര്‍ന്ന് കെട്ടിടത്തിന്റെ നടത്തിപ്പുകാരനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച കോണ്‍ട്രാക്ടര്‍മാരെ വിളിച്ചു വരുത്തി കെട്ടിടം ഉടന്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കുകയായിരുന്നു. എഴുപതോളം പേര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അടച്ചുറപ്പില്ലാത്ത രണ്ട് കക്കൂസുകള്‍ മാത്രമാണുള്ളത്.
ഇതിന്റെ തുറന്നിട്ട ടാങ്കില്‍ നിന്നു മഴയത്ത് കക്കൂസ് മാലിന്യങ്ങള്‍ റോഡരികിലെ ഓടയിലേക്കൊഴുകുന്നതിനാല്‍ നേരത്തെതന്നെ പൊതുജനങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. പൊതുസമൂഹത്തിന് തന്നെ ഭീഷണിയായ ലോഡ്ജ് ഒരു കാരണവശാലും പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം പറഞ്ഞു. കെട്ടിടം വീണ്ടും പ്രവര്‍ത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നഗരസഭ തുടര്‍നടപടികളുമായി മുന്നോട്ടുപോകും. കെട്ടിടത്തിന്റെ അവസ്ഥ മോശമാണെന്നും വാസയോഗ്യമല്ലെന്നും നേരത്തെ നഗരസഭാ ആരോഗ്യവിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനെ മറികടന്നാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഇതേകെട്ടിടത്തില്‍ പാര്‍പ്പിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."