മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ വ്യാപകം
ബദിയടുക്ക: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന സംഘത്തെ ഭീഷണിപ്പെടുത്തി ഭീമമായ തുക തട്ടിയെടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പൊലിസിനു വിവരം ലഭിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ടോറസ് ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ നീര്‍ച്ചാലിനു സമീപം വച്ചു കാറിലെത്തിയ ഒരു സംഘം തടഞ്ഞു നിര്‍ത്തി 60000 രൂപ ആവശ്യപ്പെട്ടുവെന്നാണു പൊലിസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.
കാറിലെത്തിയ സംഘം മണല്‍ ലോറി തടഞ്ഞു പണമാവശ്യപ്പെട്ടുവെങ്കിലും ലോറി ഡ്രൈവര്‍ അമിത വേഗതയില്‍ വണ്ടി ഓടിച്ചു പോവുകയായിരുന്നുവെന്നാണ് പൊലിസിനു ലഭിച്ച വിവരം. കര്‍ണാടകയില്‍ നിന്നു കാസര്‍കോട് ഭാഗത്തേക്കു വ്യാപകമായ രീതിയില്‍ മണല്‍ കടത്തു നടക്കുന്നുണ്ട്. ഊടുവഴിയിലൂടെ കടത്തുന്ന മണല്‍ പലപ്പോഴും പൊലിസിനു പിടികൂടാന്‍ കഴിയാറില്ല.
പൊലിസിന്റെ സാന്നിധ്യം ഇല്ലാത്ത സമയങ്ങളില്‍ മണല്‍ക്കടത്തു സംഘങ്ങളെ തടഞ്ഞു പണം തട്ടിയെടുക്കുന്ന സംഘം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു സൂചന. പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലാണു വ്യാപകമായി മണല്‍ കടത്തുന്നത്. പൊലിസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അകമ്പടി വാഹനങ്ങള്‍ വേറെയുമുണ്ട്. കടത്തു സംഘത്തില്‍ ചിലതിന് അകമ്പടി വാഹനങ്ങള്‍ ഉണ്ടാകാറില്ലെന്നാണു വിവരം. ഇത്തരം വാഹനങ്ങളെയാണു തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നത്. പണം നല്കിയില്ലങ്കില് സംഘം പൊലിസിന് ഒറ്റുകൊടുക്കും. ഇതു ഭയന്നു പലരും സംഘം ആവശ്യപ്പെടുന്ന തുകനല്‍കി കടന്നു കളയറാണു പതിവ്. അജ്ഞാത സംഘം ലോറി തട്ടികൊണ്ടു പോയെന്ന വിവരത്തെ തുടര്‍ന്ന് ബദിയടുക്ക പൊലിസ് അന്വേഷണം ആരംഭിച്ചുവെങ്കിലും വണ്ടി ഓടിച്ചു പോയതു കുമ്പള ഭാഗത്തേക്കെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലിസിനു വിവരം കൈമാറി.
അന്വേഷണം തുടരുന്നതിനിടയില്‍ മണല്‍ കടത്ത് ലോറി സീതാംഗോളി ബേളക്ക് സമീപം കാര്‍ഗിലിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നു പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."