നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് അനുകൂലമാവുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താനാണ് പൊലിസ് ശ്രമിക്കുന്നതെന്നും അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് നാദിര്‍ഷ 25,000 രൂപ നല്‍കിയെന്ന് ഇന്നലെ സുനി പൊലിസിന് മൊഴി നല്‍കിയിരുന്നു. പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ പരിശോധനയില്‍ പൊലിസ് സ്ഥിരീകരിച്ചു.
അതേസമയം ദിലീപിന്റെ നിര്‍ദേശപ്രകാരം സുനിക്ക് താന്‍ പണം നല്‍കിയെന്ന് പറയാന്‍ പൊലിസ് തന്നെ നിര്‍ബന്ധിച്ചെന്ന് നാദിര്‍ഷ ആരോപിച്ചു.
അതേസമയം, നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മുന്‍പ് രണ്ടുതവണയും ഹൈക്കോടതി ജാമ്യഹരജി തള്ളിയിരുന്നു. ഒക്ടോബര്‍ 16ന് ദിലീപ് അറസ്റ്റിലായി 90 ദിവസം തികയാനിരിക്കെ അതിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ ജാമ്യഹരജി നല്‍കാന്‍ ദിലീപിന് ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹരജി കൂടി തള്ളിയാല്‍ വിചാരണത്തടവുകാരനായി ദിലീപ് ജയിലില്‍ തുടരേണ്ടിവരും. മുന്‍പ് നല്‍കിയ രണ്ടു ജാമ്യഹരജികളും തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഇത്തവണയും ജാമ്യഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."