മലയോര ഹൈവേ സ്ഥലമേറ്റെടുക്കല്‍: മൈലാടിയില്‍ തീരുമാനമാകാതെ പിരിഞ്ഞു
നിലമ്പൂര്‍: പൂക്കോട്ടുംപാടം-നായാടംപൊയില്‍ മലയോര ഹൈവേയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ചാലിയാര്‍ പഞ്ചായത്തിലെ മൈലാടി, അകമ്പാടം സാംസ്‌കാരിക നിലയം, ഇടിവണ്ണ വായനശാല എന്നിവിടങ്ങളില്‍ ജനകീയ യോഗം വിളിച്ചു. റോഡിന് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യൂ.ഡി അധികൃതരില്‍നിന്നും വ്യക്തമായ നിര്‍ദേശം ലഭിക്കണമെന്ന് യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൈലാടിയില്‍ തീരുമാനമാകാതെ പിരിഞ്ഞു.
അകമ്പാടത്തും ഇടിവണ്ണയിലും നടന്ന യോഗങ്ങളില്‍ റോഡിന് ആവശ്യമായ 12മീറ്റര്‍ വീതിയിലുള്ള സ്ഥലം വിട്ടുനല്‍കാന്‍ ഐക്യകണ്‌ഠേന തീരുമാനമായി. 18ന് മൂലേപ്പാടത്ത് പി.കെ ബഷീര്‍ എം.എള്‍.എ കുറ്റിയടിക്കല്‍ നിര്‍വഹിക്കും. എരഞ്ഞിമങ്ങാട് വരെയുള്ള നടപടികള്‍ക്ക് ശേഷം മൈലാടിയുടെ കാര്യത്തിലും യോഗം ചേര്‍ന്ന് തീരുമാനിക്കും.
പൊതുമരാമത്ത് ഓവര്‍സിയര്‍ മൈലാടിയിലെ യോഗത്തില്‍ പങ്കെടുത്തെങ്കിലും അദ്ദേഹത്തിന് ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടിനല്‍കാന്‍ കഴിയാതെ പോയതാണ് തീരുമാനം മാറ്റിവയ്‌ക്കേണ്ടിവന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍നിന്നും ആരും പങ്കെടുക്കാതിരുന്ന അകമ്പാടം, ഇടിവണ്ണ യോഗങ്ങളില്‍ ഐക്യകണ്‌ഠേനയാണ് റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായതെന്നും ശ്രദ്ധേയമാണ്. യോഗങ്ങളില്‍ ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ അധ്യക്ഷനായി. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ തോണിക്കടവന്‍ ഷൗക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മൈലാടി, പൂക്കോടന്‍ നൗഷാദ്, പാലക്കയം കൃഷ്ണന്‍കുട്ടി, സെക്രട്ടറി സിദ്ദീക്ക് വടക്കന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."