നിരോധിത കറന്‍സി പിടികൂടിയ സംഭവം: അന്വേഷണം പുറത്തേക്കും
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിരോധിത കറന്‍സികള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മൂന്നു കോടി 14 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്നംഗ സംഘം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. തമിഴ്‌നാട്ടില്‍നിന്നു ജില്ലയിലേക്കു വ്യാപകമായി നിരോധിത നോട്ടുകള്‍ എത്തുന്നുണ്ടെന്ന് ഇവരില്‍നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി 14 പേരാണ് പെരിന്തല്‍മണ്ണയില്‍ പിടിയിലായത്.
ഇവരില്‍നിന്ന് ഏകദേശം പത്തു കോടിയോളം നിരോധിത കറന്‍സികളും പിടിച്ചെടുത്തു. സഹകരണ ബാങ്കുകളില്‍ ഉണ്ടായിരുന്ന റദ്ദാക്കിയ നോട്ടുകളുടെ ശേഖരം റിസര്‍വ് ബാങ്കില്‍ തിരിച്ചടക്കാനുള്ള അനുമതിയുടെ മറവില്‍ ജില്ലയില്‍ വ്യാപകമായി നിരോധിച്ച നോട്ടുകളുടെ കൈമാറ്റം നടക്കുന്നതായാണ് പൊലിസിനു ലഭിച്ച വിവരം. ഇതനുസരിച്ചു പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, എസ്.ഐ ഖമറുദ്ദീന്‍ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."