ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് നടപടിയായി
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് നടപടിയായി. അത്യാഹിതവിഭാഗം ട്രോമാകെയര്‍ യൂനിറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിലവില്‍ ഏതവസ്ഥയിലെത്തുന്ന രോഗിയെയും അത്യാഹിത വിഭാഗത്തിലാണ് ചികിത്സിക്കുന്നത്.
ട്രോമാകെയര്‍ സംവിധാനം നിലവില്‍ വരുന്നതോടെ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള അപകടനിലയിലുള്ള രോഗിക്ക് പ്രത്യേകശ്രദ്ധ ലഭിക്കും. രണ്ട് ദിവസം മുന്‍പ് ചേര്‍ന്ന ജില്ലാശുപത്രി വികസനസമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.
യോഗത്തില്‍ പി.ഡബ്ല്യു.ഡി ഇലക്ട്രിക്, ബില്‍ഡിങ് വിഭാഗം അധികൃതര്‍ പങ്കെടുത്തിരുന്നു. പി.ഡ.ബ്ല്യു.ഡി അധികൃതര്‍ ട്രോമാകെയറിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ഒരാഴ്ചമുമ്പുതന്നെ വിവരമറിയിക്കണമെന്ന് ജില്ലാ ശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അത്യാഹിതവിഭാഗത്തില്‍ ട്രോമാകെയര്‍ വരുന്നതിനാല്‍ അത്യാഹിതവിഭാഗം അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനാണിത്. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. രമാദേവി അറിയിച്ചു.
അത്യാഹിത വിഭാഗത്തില്‍ ട്രോമാകെയര്‍ യൂനിറ്റിന്റെ പണി ആരംഭിച്ചാല്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി സൈകാട്രി വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
സൈകാട്രി വാര്‍ഡും അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റും. ന്യൂറോസര്‍ജനടക്കം കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും.
ആറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ യൂനിറ്റ് പ്രാവര്‍ത്തികമാകുന്നത്. കേന്ദ്രനിധിയും മുഴുവന്‍സമയ തീവ്രചികിത്സയുമൊക്കെ വാഗ്ദാനം ചെയ്താണ് ട്രോമാകെയര്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തതെങ്കിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങളൊന്നും പുരോഗമിച്ചിരുന്നില്ല.
2011 ഫെബ്രുവരി 26നാണ് ജില്ലാ ആശുപത്രി ട്രോമാകെയര്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്.
പതിമൂന്നാം ധനകാര്യകമ്മിഷനാണ് ജില്ലാ ആശുപത്രി ട്രോമാകെയര്‍ യൂനിറ്റിനായി 30 ലക്ഷംഅനുവദിച്ചത്. പിന്നീട് വൈദ്യുതീകരണത്തിനായി 3.2 ലക്ഷം കൂടി ആവശ്യപ്പെട്ട് പുതുക്കിയ അടങ്കല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. പിന്നീട് 2017 ജനുവരിയില്‍ പി.ഡബ്ല്യു.ഡി ആവശ്യപ്പെട്ട പ്രകാരം അടങ്കല്‍ പുതുക്കിനല്‍കിയിരുന്നു. ട്രോമാകെയര്‍ യൂനിറ്റിനായി വീണ്ടും 2.7 കോടിയും അനുവദിച്ചിരുന്നു.
ഓണത്തിനുശേഷം കാഷ്വാലിറ്റിയില്‍ ട്രോമാ കെയര്‍ യൂനിറ്റ് നടപ്പിലാക്കുന്നതിനായി മരാമത്തുപണികളും വൈദ്യുതീകരണ പ്രവൃത്തികളും ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ന്യൂറോസര്‍ജനെയും പുതുതായി നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."