ശുദ്ധജല സ്രോതസുകള്‍ മലിനമാക്കുന്നത് തടയാന്‍ കര്‍ശന നടപടി: മന്ത്രി മാത്യു.ടി.തോമസ്
പാലക്കാട്: ശുദ്ധജല സ്രോതസുകള്‍ മലിനമാക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി. തോമസ് പറഞ്ഞു. തരൂര്‍ നിയോജകമണ്ഡലത്തിലെ പെരിങ്ങോട്ടുകുറുശി, കുത്തന്നൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദികള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജല സ്രോതസുകള്‍ മലിനമാക്കുന്നില്ല എന്ന് സ്വയം ഉറപ്പാക്കാന്‍ കഴിയണം ഒപ്പം മറ്റുള്ളവരോട് മലിനമാക്കരുത് എന്ന് പറയാനും കഴിയണം. ജലസംരക്ഷണത്തിനായി ശക്തമായ നിയമനിര്‍മാണം പരിഗണയിലാണ്. ജലം മലിനമാക്കുന്നവര്‍ക്കെതിരേ കനത്ത പിഴയും തടവുംവരെ ശിക്ഷ ലഭിക്കുന്ന തരത്തിലാണിത്. മഴ കുറവായത് കാരണം ജല സംരക്ഷണത്തിനും ശേഖരണത്തിനും വലിയ പ്രാധാന്യമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. ഏറ്റവും ആവശ്യമുള്ള പദ്ധതിക്ക് വേണ്ട തുക തടസമില്ലാതെ ലഭിക്കാന്‍ കൃത്യമായ ആസൂത്രണം വകുപ്പ് തലത്തില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച അതിജീവിക്കാനായത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്താണ്. ഇതിന് മന്ത്രിസഭ നല്‍കിയ പിന്തുണ വലുതാണെന്നും മന്ത്രി പറഞ്ഞു.
നിയമ-സാംസ്‌കാരിക-പട്ടിക-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായി. മണ്ഡലം അഭിമുഖീകരിക്കുന്ന വൈദ്യുതി, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്ന് പറഞ്ഞ മന്ത്രി വൈദ്യുതി പ്രശ്‌നം പരിഹരിച്ചതുപോലെ കുടിവെള്ള പ്രശ്‌നവും പൂര്‍ണമായി പരിഹരിക്കുമെന്ന് പറഞ്ഞു.
2015 ഏപ്രിലില്‍ 1800 ലക്ഷം രൂപ ചിലവില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. 53,089 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന രണ്ടാംഘട്ടം സംസ്ഥാന സര്‍ക്കാറിന്റെ 600 ലക്ഷം രൂപയിലാണ് നടപ്പാക്കുന്നത്. പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഓഫിസ് മുതല്‍ തോട്ടുമുക്ക് ഭൂഗര്‍ഭ ജലസംഭരണി വരെ ഗ്രാവിറ്റി മെയിന്‍, തോട്ടുമുക്കില്‍ 25000 ലിറ്റര്‍ ശേഷിയുളള ഭൂഗര്‍ഭ ജലസംഭരണി, പമ്പ് ഹൗസ്, പമ്പ് സെറ്റ് സ്ഥാപിക്കല്‍, ചൂലന്നൂരിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി നടുവത്തുപാറയില്‍ രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുളള ഉന്നതതല ജലസംഭരണി, അതിലേക്കുളള പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, നടുവത്തുപാറ ഉന്നത ജലസംഭരണി മുതല്‍ ചൂലന്നൂര്‍ വരെയുളള പ്രദേശങ്ങളിലേക്കും രണ്ട് പഞ്ചായത്തുകളിലേയും ബാക്കി വരുന്ന പ്രദേശങ്ങളിലേക്കും ജലവിതരണ ശൃംഖല സ്ഥാപിക്കല്‍ തുടങ്ങിയവയുടെ നിര്‍മാണമാണ് രണ്ടാംഘട്ടത്തില്‍ നടക്കുക.
ആലത്തൂര്‍ എം.പി പി.കെ ബിജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി മുഖ്യാതിഥികളായി. കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. ഷേര്‍ളി, പെരിങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഗോപിനാഥന്‍, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം അഡ്വ. വി. മുരുകദാസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."