ദശലക്ഷം ഗോള്‍; കൊല്ലത്ത് വിപുലമായി സംഘടിപ്പിക്കും
കൊല്ലം: കൊച്ചിയില്‍ ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന ദശലക്ഷം ഗോള്‍ പരിപാടിയില്‍ കൊല്ലം ജില്ലയില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും കായികയുവജനകാര്യ വകുപ്പും സംയുക്തമായാണ് സംസ്ഥാന വ്യാപകമായി പരിപാടി നടത്തുന്നത്. 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സമയം.
നിശ്ചിത അളവിലുള്ള ഗോള്‍പോസ്റ്റുകളില്‍ പെനാല്‍റ്റി കിക്കിലൂടെയാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യുക. ഒരാള്‍ക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കൂ.
പോസ്റ്റില്‍ ഗോളി ഉണ്ടായിരിക്കില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കി കേരളം കൂടി ആതിഥ്യമരുളുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് പ്രചാരണം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. സംസ്ഥാനതലത്തില്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് നടത്തുന്ന പരിപാടിയിലെ ഓരോ ഗോളും പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടു ചെയ്യും. ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും.
പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സ്‌കൂളുകളുടെയും ക്ലബുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് ആലോചനാ യോഗം നടത്താന്‍ യോഗം തീരുമാനിച്ചു.
15ഓടെ എല്ലാ പഞ്ചായത്തുകളിലെയും ക്രമീകരണങ്ങള്‍ക്ക് അന്തിമ രൂപം നല്‍കണമെന് കലക്ടര്‍ നിര്‍ദേശിച്ചു.
ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടത്തുന്ന കൂട്ടയോട്ടത്തിന് സ്വീകരണം നല്‍കുന്നതിനും പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. സുന്ദരേശന്‍ പിള്ള, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."