കുറ്റകൃത്യങ്ങള്‍ തടയാന്‍ പുത്തന്‍ സംവിധാനവുമായി പൊലിസ്
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ അത്യാധുനിക സംവിധാനവുമായി പൊലിസ്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന നാഷനല്‍ എമര്‍ജന്‍സി റെസ്‌പോന്‍ഡ് സിസ്റ്റം ഉടന്‍ നിലവില്‍ വരും. ഇത് വരുന്നതോടെ കേരള പൊലിസിന്റെ എമര്‍ജന്‍സി നമ്പറായ 100നു പകരം 112 ആകും. മറ്റു സംസ്ഥാനങ്ങളില്‍ പൊലിസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ എമര്‍ജന്‍സി നമ്പരാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ പൊലിസ് നവീകരണ ഫണ്ടില്‍ നിന്ന് എട്ടു കോടി രൂപ ചെലവാക്കിയാണ് കേരള പൊലിസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സിഡാകാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സിഡാക് റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലിസ് ആസ്ഥാനത്ത് കമ്മിറ്റിയെ നിയോഗിച്ചു.
പദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്ത് എന്തുസംഭവം നടന്നാലും വിവരം അതാതു സമയത്ത് പൊലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ അറിയും. അവിടെ നിന്നും രാജ്യമാകെയുള്ള പൊലിസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് വിവരം കൈമാറും. കൂടാതെ മൊബൈല്‍ പട്രോളിങ് യൂനിറ്റിനും വിവരങ്ങള്‍ കൈമാറും. ഹൈവേ പൊലിസ് ഉള്‍പ്പെടെയുള്ള എല്ലാ യൂണിറ്റും കണ്‍ട്രോള്‍ റൂമിനു കീഴിലാകും. കൂടാതെ എല്ലാ പൊലിസ് വാഹനങ്ങളെയും ജി.പി.എസ് വഴി ബന്ധിക്കും. ഇതിന്റെ നിയന്ത്രണവും കണ്‍ട്രോള്‍ റൂമില്‍ നിന്നാകും. സംസ്ഥാനത്ത് എവിടെ സംഭവം നടന്നാലും അതാതു സ്ഥലങ്ങളിലെ പട്രോള്‍ വാഹനങ്ങള്‍ സംഭവം നടക്കുന്നിടത്ത് എത്താന്‍ കഴിയും. പദ്ധതി നടപ്പിലായാല്‍ പട്രോളിങ്ങിനായി കൂടുതല്‍ വാഹനങ്ങള്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."