ഡല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പിക്ക് കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല (ഡി.യു) വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടന എ.ബി.വി.പിക്കു കനത്ത തിരിച്ചടി. എ.ബി.വി.പിയുടെ ഒരു പതിറ്റാണ്ട് നീണ്ട അപ്രമാദിത്തം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ എന്‍.എസ്.യു.ഐ ഉജ്വലവിജയം നേടി. നാലു ജനറല്‍ സീറ്റുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എന്‍.എസ്.യു വ്യക്തമായ വിജയം നേടി. എന്നാല്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്.
ചൊവ്വാഴ്ച്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍.എസ്.യുവിന്റെ റോക്കി തുസ്സീദാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി കുണാല്‍ ഷെറാവത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി, ജോ.സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എന്‍.എസ്.യു സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടുകള്‍ വീണ്ടും എണ്ണിയതോടെ നിസാര വോട്ടുകള്‍ക്ക് എ.ബി.വി.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അതിനിടെ ജനറല്‍ സെക്രട്ടറി, ജോ. സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എന്‍.എസ്.യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുത്ത റോക്കി അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കുണാല്‍ ഷെറാവത്ത് ആറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്.
ഫലമറിഞ്ഞതോടെ എന്‍.എസ്.യു ദേശീയ പ്രസിഡന്റ് ഫിറോസ് ഖാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനകത്തും പുറത്തും ആഹ്ലാദ പ്രകടനം നടത്തി. അതിനുശേഷം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."