ഗൗരി, കല്‍ബുര്‍ഗി കൊലക്ക് സാമ്യമുണ്ടെന്ന് ഫോറന്‍സിക് ഫലം
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റേയും പ്രശസ്ത കന്നഡ സാഹിത്യകാരന് എം.എം കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിന് സമാനതകളുണ്ടെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പ്രാഥമിക കണ്ടെത്തലുകള്‍.
ഇരുവരുടെയും ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് 7.65 എം.എം പിസ്റ്റളില്‍ നിന്നുള്ള വെടിയുണ്ടകളാണെന്ന് ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രണ്ടു കുറ്റകൃത്യങ്ങളിലും ഉപയോഗിച്ച ആയുധത്തില്‍ 80 ശതമാനം സമാനതകളുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഫോറന്‍സിക് അധികൃതര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
2015 ഓഗസ്റ്റിലാണ് അജ്ഞാതരായ അക്രമികള്‍ കന്നഡ സാഹിത്യകാരനായ എം.എം കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നത്. അദ്ദേഹത്തിന്റെ വധത്തിന് മാസങ്ങള്‍ക്ക് മുന്‍പാണ് മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെടുന്നത്.
പന്‍സാരയെ വധിക്കാന്‍ ഉപയോഗിച്ച തോക്കും കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ച തോക്കും ഒരേപോലെയുള്ളതാണോ എന്ന് ഫോറന്‍സിക് അന്വേഷണം നടത്തിയിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വഴിത്തിരിവാകുന്ന തെളിവാണ് ഫോറന്‍സിക് ലാബ് പരിശോധനാ ഫലം.
ബംഗളൂരുവിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിലുള്ള 80 പേരെ ഇതുവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 5ന് രാത്രി എട്ട് മണിയോടെയാണ് ഗൗരി കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."