മെഡിക്കല്‍ പ്രവേശനം: അനിശ്ചിതത്വം തുടരുന്നു
ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ കേസില്‍ സുപ്രിം കോടതി തീരുമാനമെടുക്കുന്നത് മാറ്റിവച്ചു. മെഡിക്കല്‍ പ്രവേശനത്തിന് ഈ അധ്യയന വര്‍ഷത്തേക്ക് ഒരു സ്ഥാപനത്തിന്റെയും അപേക്ഷകള്‍ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവില്‍ വ്യക്തത വരുത്തുന്ന കാര്യത്തിലാണ് തീരുമാനം മാറ്റിവച്ചത്.
തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ്, വയനാട് ഡി.എം മെഡിക്കല്‍ കോളജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് എന്നിവയുടെ പ്രവേശന അനുമതി റദ്ദാക്കിയ ഉത്തരവിനെതിരേ കോളജുകള്‍ നല്‍കിയ പ്രത്യേക ഹരജിയാണ് നിലവില്‍ സുപ്രിം കോടതി മുമ്പാകെയുള്ളത്. ഈ കേസില്‍ തീരുമാനം നീണ്ടതോടെ ഇവിടെ പ്രവേശനം ലഭിച്ച 400ഓളം വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയാണ് ഈ വര്‍ഷം ഒരു സ്ഥാപനത്തിന്റെയും അപേക്ഷ സ്വീകരിക്കരുതെന്ന് സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. എന്നാല്‍ ഇത് പുതിയ അപേക്ഷകള്‍ക്കു മാത്രമാണോ ബാധകമാവുക എന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് വ്യക്തത വരുത്താന്‍ കോളജുകളുടെ അഭിഭാഷകരോട് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഹരജി പരിഗണിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനെത്തുകയും കഴിഞ്ഞദിവസത്തെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു.
150 വിദ്യാര്‍ഥികളുടെ പ്രവേശനം തടഞ്ഞ മെയ് 31ന്റെ സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്താണ് റോയല്‍ മെഡിക്കല്‍ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്. കോളജ് 2017- 18 വര്‍ഷത്തേക്ക് സമര്‍പ്പിച്ച അപേക്ഷകള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."