റോഹിംഗ്യകളെ സഹായിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് യു.എന്‍
ന്യൂയോര്‍ക്ക്: മ്യാന്‍മറില്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന റോഹിംഗ്യകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍. ആക്രമണം അവസാനിപ്പിക്കണമെന്ന് സൂക്കി ഭരണകൂടത്തോട് അഭ്യര്‍ഥിച്ചെങ്കിലും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം യു.എന്‍ ആവശ്യപ്പെട്ടത്.
റോഹിംഗ്യന്‍ ജനതക്കെതിരായ ആക്രമണത്തില്‍ ശക്തമായ ഉത്കണ്ഠയുണ്ട്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റോഹിംഗ്യകളെ നിര്‍ബന്ധിച്ച് വീടുകളില്‍ നിന്ന് പുറത്താക്കുന്നതിനെ കുറിച്ചും അവിടെ നടത്തുന്ന ഹൃദയഭേദകമായ ആക്രമണങ്ങളെ കുറിച്ചും യു.എന്‍ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. യു.എന്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം പരിഗണിക്കാതെ ലോകജനത റോഹിംഗ്യകളെ പിന്തുണക്കണം. അതിര്‍ത്തി കടന്നെത്തുന്ന ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വിശപ്പിനാലും പോഷകാഹാരക്കുറവിനാലും ദുരിതങ്ങള്‍ പേറുന്ന റോഹിംഗ്യകള്‍ സഹായങ്ങള്‍ക്ക് അര്‍ഹരാണെന്ന് അദ്ദേഹം പറഞ്ഞു.
300,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ യു.എന്‍ മനുഷ്യാവകാശ വിഭാഗം ശ്രമങ്ങള്‍ തുടങ്ങിയെന്ന് സ്റ്റീഫന്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് നിരവധിയാളുകള്‍ പലായനം ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി കൂടുതല്‍ ഫണ്ടുകള്‍ അടിയന്തരമായി അനുവദിക്കണമെന്ന് യു.എന്നിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റോഹിംഗ്യന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളായ യു.എന്‍ അഭയാര്‍ഥി ഏജന്‍സി പോലുള്ളവക്ക് ആവശ്യമായ വിധത്തില്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. അഭയാര്‍ഥികളായ മുഴുവന്‍ റോഹിംഗ്യകള്‍ക്കും പുനരധിവാസം സാധ്യമാവുകയെന്നുള്ളതാണ് യു.എന്നിന്റെ മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി അഭയം തേടിയെത്തിയ അഭയാര്‍ഥികള്‍ക്ക് സഹായം ഒരുക്കുന്നതില്‍ ബംഗ്ലാദേശ് യു.എന്നിന്റെ സഹായം തേടിയെന്ന് സ്റ്റീഫന്‍ സൂചിപ്പിച്ചു.
അടിയന്തര സഹായങ്ങളുമായി യുനൈറ്റഡ് നേഷന്‍സ് ഹൈകമ്മിഷനര്‍ ഫോര്‍ റെഫ്യൂജി (യു.എന്‍.എച്ച്.സി.ആര്‍) നേതൃത്തില്‍ ഒരു വിമാനം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. യു.എ.ഇയുടെ നേതൃത്വത്തില്‍ 2,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്കുള്ള സഹായങ്ങളുമായി മറ്റൊരു വിമാനവും എത്തിച്ചേര്‍ന്നു. രണ്ടു വിമാനങ്ങളിലുമുള്ള സഹായങ്ങള്‍ 25,000 കുടുംബങ്ങള്‍ക്ക് പര്യാപ്തമാവും. എന്നാല്‍ ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി എത്തിയ സത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ നിലയില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ഉത്കണ്ഠ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."