ബംഗളൂരു എ.എഫ്.സി കപ്പ് ഇന്റര്‍ സോണ്‍ ഫൈനലില്‍
പ്യോങ്യോങ്: ഉത്തര കൊറിയന്‍ ടീം ഏപ്രില്‍ 25 സ്പോര്‍ട്സ് ക്ലബിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പ് ഇന്റര്‍ സോണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി.
രണ്ടാം പാദത്തില്‍ അരങ്ങേറിയ എവേ പോരാട്ടത്തില്‍ അവരുടെ നാട്ടില്‍ ചെന്നാണ് ബംഗളൂരു സമനില പിടിച്ച് കലാശപ്പോരിന് യോഗ്യത നേടിയത്.
നേരത്തെ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ ആദ്യ പോരാട്ടത്തില്‍ ബംഗളൂരു 3-0ത്തിന് വിജയം സ്വന്തമാക്കിയിരുന്നു. ഇരു പാദങ്ങളിലായി 3-0 അഗ്രഗെറ്റിലാണ് ബംഗളൂരു ടീമിന്റെ വിജയം.
ഫൈനലില്‍ തജികിസ്ഥാന്‍ ടീം എഫ്.സി ഇസ്തിക്ലോലാണ് ബംഗളൂരുവിന്റെ എതിരാളികള്‍. ഇരു പാദങ്ങളിലായാണ് ഫൈനല്‍ മത്സരവും അരങ്ങേറുക. ആദ്യ പാദ ഫൈനല്‍ പോരാട്ടം ഈ മാസം 27ന് തജികിസ്ഥാനിലും രണ്ടാം പാദ ഫൈനല്‍ ഒക്ടോബര്‍ 18ന് ബംഗളൂരുവിലും അരങ്ങേറും. നേരത്തെ 2015ല്‍ ഫൈനലിലെത്തിയ ഇസ്തിക്ലോല് സെമിയില്‍ ഫിലിപ്പൈന്‍സ് ടീം സെരസ് നെഗ്രോസ് എഫ്.സിയെ ഇരു പാദങ്ങളിലായി 5-1ന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം നവംബര്‍ നാലിന് നടക്കുന്ന എ.എഫ്.സി കപ്പ് ഫൈനലില്‍ സിറിയന്‍ ടീം അല്‍ വഹ്ദ- ഇറാഖ് എയര്‍ ഫോഴ്സ് ക്ലബ് പോരാട്ടത്തിലെ വിജയികളുമായി ഏറ്റുമുട്ടും.
ബംഗളൂരുവിനെതിരായ രണ്ടാം പാദ സെമിയില്‍ വിജയം സ്വന്തമാക്കാനുള്ള അവസരം കൊറിയന്‍ ടീമിന് ലഭിച്ചിരുന്നു. 75ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടഞ്ഞിട്ടതോടെ അവര്‍ക്ക് ആശ്വാസ വിജയം നേടാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."