സര്‍ക്കാര്‍ സ്ഥലത്ത് സ്വകാര്യ കമ്പനി കേബിള്‍ സ്ഥാപിച്ചതായി പരാതി
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലത്തുകൂടി അനുമതിയില്ലാതെ സ്വകാര്യ മൊബൈല്‍ കമ്പനി കേബിള്‍ സ്ഥാപിച്ചതായി പരാതി.
ജില്ലാ പൊലിസ് ഓഫിസ് മുതല്‍ കാരാപ്പുഴ ഡിവിഷന്‍ ഓഫിസ് പരിസരം വരെയുള്ള കാരാപ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമി കൈയേറി സ്വകാര്യ കമ്പനി കേബിള്‍ സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടി ഇറിഗേഷന്‍ പ്രോജക്ട് എന്‍ജിനീയര്‍ക്കും കല്‍പ്പറ്റ എം.എല്‍.എ. സി.കെ ശശീന്ദ്രനും നാട്ടുകാര്‍ പരാതി നല്‍കി. ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ കൂടി കേബിള്‍ വലിക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. അടിത്തറ കോണ്‍ക്രീറ്റ് ചെയ്ത് അതില്‍ ഇരുമ്പ് തൂണുകള്‍ പിടിപ്പിച്ചാണ് കേബിള്‍ വലിച്ചത്. ഇതിനു സമീപത്ത് ബി.എസ്.എന്‍.എല്ലിന്റെ ടവര്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ഇവിടേക്ക് കേബിള്‍ വലിക്കാനാണെന്നാണ് പ്രവര്‍ത്തിയുടെ ചുമതലയുണ്ടായിരുന്നവര്‍ പ്രചരിപ്പിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. തൊട്ടടുത്തു തന്നെയുള്ള സ്വകാര്യ കമ്പനിയുടെ ടവറിലേക്കാണ് കേബിള്‍ വലിച്ചതെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ സ്ഥലത്തുകൂടി ബി.എസ്.എന്‍.എല്ലിന്റെ കേബിളും കടന്നുപോകുന്നുണ്ട്. ബി.എസ്.എന്‍.എല്‍ അധികൃതര്‍ സ്ഥലത്തെത്തി സ്വകാര്യ കമ്പനിയുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഒരു തൂണ് സ്വകാര്യ കമ്പനി മാറ്റി സ്ഥാപിച്ചു. സര്‍ക്കാര്‍ ഭൂമി ഉപകാരപ്പെടുത്തുന്നതിന് സ്വകാര്യ കമ്പനി പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് സൂചന.
എന്നാല്‍ വിവരമറിഞ്ഞിട്ടും ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ വൈമനസ്യം കാട്ടുകയാണെന്ന് ആരോപണമുണ്ട്. പരാതിയുടെ പകര്‍പ്പ് ജില്ലാ കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."