റോഡിന്റെ ശോചനീയാവസ്ഥ: സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാതെ അധികൃതര്‍
കാക്കനാട്: ആലിന്‍ചുവട് മുതല്‍ കുന്നുംപുറം വരെ റോഡുകളിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. വാഴക്കാലയില്‍ വെട്ടിപ്പൊളിച്ച ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി തുക കെട്ടി വക്കാന്‍ അദാനി ഗ്രൂപ്പ് തയാറാണെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വീഴ്ച മൂലം ധാരണ പ്രകാരമുള്ള എട്ട് ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ല.
മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനയാത്രക്കാരാണ് ആലിന്‍ ചുവട് മുതല്‍ കുന്നുംപുറം വരെയുള്ള റോഡില്‍ അപകടത്തില്‍ പെടുന്നത്. റോഡ് നിര്‍മാണങ്ങള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മുന്നോട്ടു വരുന്നില്ലെന്ന് ജില്ലാ വികസന സമിതി യോഗത്തിലെല്ലാം എം.എല്‍.എമാരടക്കമുള്ളവര്‍ പരാതിപ്പെടുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച തുകയിലും കുറഞ്ഞ നിരക്കില്‍ കരാര്‍ എല്‍പ്പിക്കുന്നവര്‍ ഈ ഇനത്തിന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നതായും ആക്ഷേപമുയരുന്നു.
അതേ സമയം ആലിന്‍ചുവട് മുതല്‍ കുന്നുംപുറം വരെ പൊട്ടിത്തകര്‍ന്ന ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കാന്‍ 25 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ചെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. 20 ലക്ഷം രൂപയാണത്രേ ഈയിനത്തില്‍ അധികൃതര്‍ അനുവദിച്ചിട്ടുള്ളത്. മഴക്കാലത്തിനു മുന്‍പ് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് മഴക്കാല ദുരിതങ്ങള്‍ അവസാനിക്കാറായിട്ടും പി.ഡബ്ല്യു.ഡി അധികൃതര്‍ പാലിച്ചിട്ടില്ല. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് കുഴിച്ച വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൊതുമരാമത്ത് വകുപ്പില്‍ 29 ലക്ഷം രൂപ കെട്ടിവച്ചിരുന്നു.
റോഡിന്റെ പുനരുദ്ധാരണത്തിനായാണ് ഫണ്ട് കൈമാറിയത്. ടെണ്ടര്‍ തുകയില്‍ നിന്നും 5 ലക്ഷം രൂപ പന്ത്രണ്ടര ശതമാനം നികുതിയുടേയും മറ്റു സര്‍വീസ് ചാര്‍ജുകളുടേയും പേരില്‍ പൊതുമരാമത്ത് വകുപ്പ് വെട്ടിക്കുറച്ചു. 24 ലക്ഷം രൂപക്കാണ് കരാര്‍ ഉറപ്പിച്ചതെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം 19 ലക്ഷം രൂപക്കാണ് തനിക്ക് ടെണ്ടര്‍ ലഭിച്ചതെന്ന് കിഴക്കമ്പലം സ്വദേശിയായ കരാറുകാരന്‍ പറയുന്നത്. റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ വേണ്ടത്ര ഫണ്ട് ചെലവഴിക്കാന്‍ അനുമതിയുണ്ടായിട്ടും അനുവദിക്കപ്പെട്ട തുകയിലും താഴ്ത്തി കരാര്‍ നല്‍കുകയാണ് പൊതുമരാമത്ത് വകുപ്പ്. റോഡ് വെട്ടിപ്പൊളിച്ച ഭാഗം പുനര്‍നിര്‍മിക്കാന്‍ 29 ലക്ഷം രൂപ വാട്ടര്‍ അതോറിട്ടി നല്‍കിയിട്ടും 19 ലക്ഷം രുപ ക്ക് കരാര്‍ ഉറപ്പിച്ചതിനു പിന്നില്‍ ക്രമക്കേടുകള്‍ നടന്നതായാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."