ഹോക്കിയില്‍ പൊരുതി വീണു
റിയോ ഡി ജനീറോ: പുരുഷ വിഭാഗം ഹോക്കിയില്‍ ഹോളണ്ടിനെതിരേ ഇന്ത്യ പൊരുതി തോറ്റു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്ന ഇന്ത്യക്ക് തുടര്‍ച്ചയായി അഞ്ചു പെനാല്‍റ്റി കോര്‍ണറുകള്‍ നഷ്ടപ്പെടുത്തിയതും രണ്ടു താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കണ്ടതുമാണ് മത്സരത്തില്‍ തിരിച്ചടിയായത്.
മികച്ച പിന്തുണയാണ് കാണികളില്‍ നിന്നു ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ടീമിന്റെ ആത്മവിശ്വാസം വര്‍ധിക്കാന്‍ ഇതു സഹായിച്ചു. ഇന്ത്യ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ മികവ് കാട്ടിയെങ്കിലും ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ ഗോളൊന്നും പിറന്നില്ല. രണ്ടാം ക്വാര്‍ട്ടറില്‍ ഹോളണ്ട് ഗോളിനടുത്തെത്തിയെങ്കിലും നായകന്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയെ രക്ഷപ്പെടുത്തി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഹോളണ്ട് കൂടുതല്‍ മികവ് പ്രകടിപ്പിച്ചു. ഇതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. കൂടുതല്‍ ആക്രമിച്ചു കളിച്ച ഹോളണ്ടിന് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. ഈ അവസരം മുതലെടുത്താണ് ഹോളണ്ട് അക്കൗണ്ട് തുറന്നത്. റോജിയര്‍ ഹോഹ്മാന്റെ തകര്‍പ്പനൊരു ഷോട്ട് ശ്രീജേഷ് അത്ഭുകരമായി സേവ് ചെയ്‌തെങ്കിലും റീബൗണ്ടില്‍ താരം ലക്ഷ്യം കണ്ടു.
ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ ഇന്ത്യ നിരന്തരം സമ്മര്‍ദം ചെലുത്തി. വൈകാതെ തന്നെ ടീം മത്സരത്തിലെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കി. രൂപീന്ദര്‍ പാലിന്റെ ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ തടഞ്ഞെങ്കിലും മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ അതിലൂടെ ഇന്ത്യക്ക് ലഭിച്ചു. ഇത്തവണ കിക്കെടുത്ത വി.ആര്‍ രഘുനാഥിന് പിഴച്ചില്ല. താരം മികച്ചൊരു ഷോട്ടിലൂടെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തു.
റിയോയില്‍ രഘുനാഥിന്റെ രണ്ടാം ഗോളാണിത്. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ഇന്ത്യക്ക് തുടരെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതോടെ ഒന്‍പതു പേരായി ചുരുങ്ങി. സുനിലിനും രഘുനാഥിനുമാണ് കാര്‍ഡ് ലഭിച്ചത്.
ഈ അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഹോളണ്ടിന് സാധിച്ചു. തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ സ്വന്തമാക്കിയ ഹോളണ്ട് ഒടുവില്‍ വിജയ ഗോള്‍ നേടി. മിന്‍ക് വാന്‍ ഡെര്‍ വീര്‍ഡെനായിരുന്നു സ്‌കോറര്‍. അവസാന നിമിഷം ഇന്ത്യക്കും നിരവധി പെനാല്‍റ്റി കോര്‍ണറുകളാണ് ലഭിച്ചത്. പക്ഷേ അവസരം മുതലെടുക്കാന്‍ ഇന്ത്യക്കായില്ല. അടുത്ത മത്സരത്തില്‍ കാനഡയെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."