ഇടുക്കി പദ്ധതിയിലെ വൈദ്യുതോല്‍പ്പാദനം വീണ്ടുമുയര്‍ത്തി
തൊടുപുഴ: പീക്ക് ലോഡ് ആവശ്യം മുന്‍നിര്‍ത്തി ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പ്പാദനം വീണ്ടുമുയര്‍ത്തി. 5.17 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ മൂലമറ്റത്ത് ഉത്പ്പാദിപ്പിച്ചത്. ഇത് സമീപകാലത്തെ ഉയര്‍ന്ന ഉത്പ്പാദനമാണ്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നാം നമ്പര്‍ പുനരുദ്ധാരണത്തിലാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഷട്ട് ഡൗണ്‍ ചെയ്ത അഞ്ചാം നമ്പര്‍ ജനറേറ്റര്‍ പണി മാറ്റിവെച്ച് ഇന്നലെ ചാര്‍ജ് ചെയ്യുകയായിരുന്നു. പുനരുദ്ധാരണത്തിലുള്ള മൂന്നാം നമ്പര്‍ ജനറേറ്റര്‍ ഒഴികെയുള്ള 5 ജനറേറ്ററുകളിലും ഇപ്പോള്‍ പൂര്‍ണ്ണ തോതില്‍ ഉത്പ്പാദനം നടക്കുന്നുണ്ട്.
2352.36 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 48 ശതമാനമാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തില്ല. എങ്കിലും 9.332 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി.
1048.69 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. 68.58 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം. ഇതില്‍ 43.75 ദശലക്ഷം യൂനിറ്റ് കേന്ദ്രപൂളും 24.83 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉത്പ്പാദനവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."