ഇസ്‌ലാമിക സമൂഹത്തിന്റെ മതസൗഹാര്‍ദ നിലപാടുകളുടെ തെളിവാണ് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം: മുഹമ്മദ് സക്കീര്‍
ഈരാറ്റുപേട്ട: ഫാദര്‍ ടോം ഉഴുന്നാലിനെ സുരക്ഷിതമായ നിലയില്‍ മോചിപ്പിക്കാന്‍ കഴിഞ്ഞത് വിശ്വാസി സമൂഹത്തിന് ആകമാനം അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും മഹല്ല് മുസ്‌ലിം ഏകോപന സമിതി ചെയര്‍മാനുമായ മുഹമ്മദ് സക്കീര്‍.
ഇസ്‌ലാമിക രാജ്യമായ യമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസി സമൂഹത്തിന് പ്രവര്‍ത്തന സ്യാതന്ത്ര്യം ലഭ്യമായിരുന്നു എന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ മത സൗഹാര്‍ദ നിലപാടുകളുടെ ഏറ്റവും വലിയ തെളിവാണ്. അസഹിഷ്ണുതയും അരാജകത്ത്വവും വളര്‍ത്താന്‍ ശ്രമിക്കുന്ന ഭീകരര്‍ അവരുടെ സംഘടനയുടെ പേര് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് ദുരൂപയോഗം ചെയ്യുന്നതിലൂടെ മുസ്‌ലിം സമൂഹം പൊതുവായി ഈ തട്ടികൊണ്ട് പോകലിന്റെ കളങ്കം പേറുകയായിരുന്നു.
മതനിരപേക്ഷതയുടെ ഉന്നതമായ ആശയങ്ങള്‍ ഭരണഘടനയിലൂടെ വ്യവസ്ഥാപിതമാക്കിയ ഭാരതം ലോകത്തിന് തന്നെ മാത്യകയാണ്. ഭാരതത്തിലെ ഭൂരിപക്ഷ ഹൈന്ദവ സമൂഹം മത ന്യൂന പക്ഷങ്ങളായ മുസ്‌ലിം, ക്രൈസ്തവ, സിഖ് വിഭാഗങ്ങളോട് ഇക്കാലമത്രയും കാണിച്ചിട്ടുള്ള ഉദാരമായ സമീപനങ്ങളുടെ മഹത്തായ യജ്ഞത്തിന് കളങ്കം ചാര്‍ത്താന്‍ അധികാരത്തിനായി കുറുക്ക് വഴി തേടുന്ന ഫാസിസ്റ്റ് ശക്തികള്‍ സ്വീകരിക്കുന്ന അക്രമോത്സുകമായ കടന്നുകയറ്റങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന് തന്നെ അപമാനമാണ്.
ഈ കാലഘട്ടത്തില്‍ തങ്ങളുടേതല്ലാത്ത വിശ്വാസ പ്രമാണങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വൈദികന്റെ മോചനത്തിനായി മുന്നിട്ടിറങ്ങുകയും മോചനം സാധ്യമാക്കുകയും ചെയ്ത ഒമാന്‍ ഭരണാധികാരിയുടെ വിശാല മനസ്‌കത നമ്മുടെരാജ്യം ഭരിക്കുന്നവര്‍ക്ക് എല്ലാം മാത്യക ആകേണ്ടതാണ്.
അവകാശ വാദങ്ങള്‍ക്ക് അപ്പുറം ആത്മാര്‍ഥമായി വൈദികന്റെ മോചനത്തിനായി പരിശ്രമിച്ച ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും മത ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റുന്നതിനും അവരുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനും ഭരണഘടന അനുവദിച്ച് തന്ന മൗലികമായ അവകാശത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഏക മനസോടെ പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."