മനക്കച്ചിറ ജലോത്സവം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു
.
ചങ്ങനാശേരി: മനക്കച്ചിറ ജലോത്സവം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂവം, ചങ്ങനാശേരി ഭാഗങ്ങളിലെ ജലോത്സവ പ്രേമികള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച മനക്കച്ചിറ ജലോത്സവം ഏതാനും വര്‍ഷം മാത്രം നടത്തുകയും പിന്നീട് നിലക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ നഗരസഭയുടെ കാലത്തു വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം കണക്കിലെടുത്തു സംഘാടക സമിതി രൂപീകരിക്കുകയും ജലോത്സവം പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇതു വീണ്ടും നിലച്ചു.
പുത്തനാറിന് ആഴം കുറവാണെന്ന കാരണവും പോളയും പായലും കയറി വള്ളങ്ങള്‍ക്കു പോകാന്‍ കഴിയാതെ വരുന്നതിനാലുമാണ് വള്ളംകളി നടത്താന്‍ കഴിയാതെ വന്നതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്ന കാരണം.
കൂടാതെ ഓരോവര്‍ഷവും ഈ ആറ്റിലെ പായല്‍ നീക്കം ചെയ്യാനായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നതും ഏറെ വിമര്‍ശനത്തിനു കാരണമായിരുന്നു. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.
മുന്‍ വര്‍ഷങ്ങളിലെല്ലാം ഓണാഘോഷങ്ങളും കേരളത്തിലെ ജലോത്സവങ്ങളും സമാപിക്കുമ്പോഴുമായിരുന്നു ഇവിടെ വള്ളംകളി നടന്നിരുന്നതും. വള്ളങ്ങള്‍ ഒട്ടുമിക്കതും കരയ്ക്കു കയറ്റിയതിനു ശേഷം ഇവിടെ മത്സരം നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നുമില്ല.
ഈ സാഹചര്യത്തിലാണ് ജലോത്സവം നിര്‍ത്തിവച്ചത്. എന്നാല്‍ ആലപ്പുഴ, പായിപ്പാട്, ആറന്മുള, നീരേറ്റുപുറം, മാന്നാര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജലോത്സവം നടക്കുമ്പോള്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ചങ്ങനാശേരിയില്‍ നടത്തുന്നില്ല എന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. കൂടാതെ പരിസരപ്രദേശങ്ങളിലുള്ളവര്‍ ചങ്ങനാശേരി വിട്ടു മറ്റു സ്ഥലങ്ങളില്‍ ജലോത്സവം കാണാന്‍ പോകേണ്ടിവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പരിഹാരമായിട്ടുകൂടിയാണ് മനക്കച്ചിറ ജലോത്സവം വീണ്ടും ആരംഭിക്കണമെന്ന മുറവിളി ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."