പെഹ്‌ലുഖാന്‍ വധം: പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചു
ജയ്പൂര്‍: ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കു രാജസ്ഥാന്‍ പൊലിസിന്റെ ക്ലീന്‍ ചിറ്റ്. പ്രതികളായ ആറ് പേര്‍ക്കെതിരെയുള്ള അന്വേഷണം രാജസ്ഥാന്‍ പൊലിസ് അവസാനിപ്പിച്ചു. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലിസിന്റെ വാദം.
ഓം യാദവ്, ഹുകും ചന്ദ് യാദവ്, സുധീര്‍ യാദവ്, നവീന്‍ ശര്‍മ, ജഗ്മല്‍ യാദവ്, രാഹുല്‍ സൈനി എന്നിവരെയാണ് വെറുതെ വിട്ടത്. പെഹ് ലുഖാന്റെ മരണമൊഴി അവഗണിച്ചാണ് പൊലിസ് നടപടി
പെഹ്‌ലുഖാന്‍ അക്രമിക്കപ്പെട്ട സ്ഥലത്ത് ഇവര്‍ ഉണ്ടായിരുന്നില്ലെന്ന് പൊലിസ് പറയുന്നു. ഗോശാല ജീവനക്കാരുടെ മൊഴിയും മൊബൈല്‍ വിശദാംശങ്ങളും പരിശോധിച്ചാണ് പൊലിസ് നിഗമനം. ഈ ആറു പേരും സംഭവ സമയത്ത് രാത് ഗോശാലയില്‍ ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.
രാജസ്ഥാനിലെ അല്‍വാറില്‍ ഏപ്രില്‍ ഒന്നിനാണ് ഹരിയാന സ്വദേശിയായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടത്. ഡയറി ഫാമിലേക്ക് പശുക്കളെ ട്രക്കില്‍ കൊണ്ടുവരുമ്പോഴായിരുന്നു ഗോരക്ഷാ പ്രവര്‍ത്തകര്‍ അക്രമിച്ചത്. പശുക്കടത്ത് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫാമിലേക്ക് പശുക്കളെ കൊണ്ടുവരാനുള്ള അനുമതിപത്രം പെഹ്‌ലുഖാന്റെ കയ്യില്‍ ഉണ്ടായിരുന്നിട്ടും അക്രമികള്‍ വെറുതെവിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഇനി 11 പേരാണ് ബാക്കിയുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഒളിവിലാണ്.
അതേസമയം, പൊലിസ് വെറുതെ വിട്ട ആറ് പ്രതികളും കുറ്റക്കാരാണെന്നാണ് പെഹ്‌ലുഖാന്റെ കുടുംബം പറയുന്നത്. അക്രമം തുടങ്ങിയത് ഇവരാണെന്നും പ്രതികള്‍ പരസ്പരം പേരു വിളിച്ചത് കേട്ടിരുന്നുവെന്നും പെഹ്‌ലുഖാന്റെ മകന്‍ മൊഴി നല്‍കിയിരുന്നു. മകനും അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും മകന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ വെച്ച് പെഹ്‌ലുഖാന്‍ ആറ് പ്രതികള്‍ക്കെതിരെയും മൊഴി നല്‍കിയിരുന്നു.
മരണമൊഴി എങ്ങനെയാണ് പൊലിസിന് അവിശ്വസിക്കാന്‍ കഴിയുന്നതെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ വിനയ് പാല്‍ യാദവ് ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."