പരാധീനതകളില്‍ വീര്‍പ്പുമുട്ടി ദേശീയ പാതയിലെ കല്‍മണ്ഡപം ജങ്ഷന്‍
പുതുശ്ശേരി: പാലക്കാട് കോയമ്പത്തൂര്‍ ദേശീയ പാതയും പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാതയും സംഗമിക്കുന്ന കല്‍മണ്ഡപം ജങ്ഷനില്‍ ഗതാഗത പരിഷ്‌കാരം പഴയപടിയായതോടെ വാഹന യാത്ര ദുരിതമാവുന്നു. കല്‍മണ്ഡപം ജങ്ഷനില്‍ രണ്ടു വര്‍ഷം മുമ്പ് ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞതോടെ ഓരോന്നായി അപ്രത്യക്ഷമാവുകയായിരുന്നു.
ചരക്കുവാഹനങ്ങളും അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുമടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന കല്‍മണ്ഡപം ജങ്ഷനില്‍ ഇപ്പോള്‍ വാഹന ഗതാഗതം തോന്നിയ പോലെയാണ്.
സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തന രഹിതമായതാണ് പൊതുവെ ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്.
സുല്‍ത്താന്‍പേട്ട റോഡിലേക്കും പെട്രോള്‍ പമ്പു മുതല്‍ ജങ്ഷന്‍ വരെയും സ്ഥാപിച്ച ഡിവൈഡറുകളെല്ലാം കാണാതായി. ഒരു വര്‍ഷം മുമ്പ് കല്‍മണ്ഡപം ജങ്ഷനില്‍ സ്വകാര്യബസിനടിയില്‍പ്പെട്ട യാത്രക്കാരന്‍ മരിച്ചിട്ടും ഇവിടുത്തെ ഗതാഗത നിയന്ത്രണം സുഗമമാക്കാന്‍ ആരും തയ്യാറായിട്ടില്ല.
കോയമ്പത്തൂര്‍ ഭാഗത്ത് നിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ എല്ലാം തോന്നിയിടങ്ങളിലാണ് നിര്‍ത്തി ആളുകളെയും ചരക്കുകളെയുമിറക്കുന്നത്. കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ്. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി നേരത്തെ സ്റ്റേഡിയം ഭാഗത്തുനിന്നുള്ള ബസുകള്‍ക്ക് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ബസുകള്‍ നിര്‍ത്തുന്നത് പഴയ പടിയാണ്.
അടുത്തിടെ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തില്‍ വാളയാര്‍, കൊഴിഞ്ഞാമ്പാറ ബസുകള്‍ കുന്നത്തുര്‍മേട് വഴി പോവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാ ബസുകളും ജങ്ഷനില്‍ നിന്നും നേരെ സ്റ്റേഡിയത്തേക്കാണ് പോവുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് ബസുകള്‍ക്ക് സ്റ്റോപ്പുള്ള കല്‍മണ്ഡപം ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് പൊലിസുകാരുടെ സേവനമില്ലാത്തതാണ് ഇവിടുത്തെ ഗതാഗത കുരുക്കിന് കാരണം.
ചില സമയങ്ങളില്‍ വഴിതെറ്റിവരുന്ന കൂറ്റന്‍ ട്രെയിലറുകളും നേരെ സുല്‍ത്താന്‍ പേട്ട ഭാഗത്തേക്ക് പോവുന്നതിനാല്‍ ഇവിടെ ഗതാഗത തടസം പതിവായിരുന്നു.
തെരുവ് വിളക്കുകളുടെ അഭാവത്തില്‍ കല്‍മണ്ഡപത്ത് സ്ഥാപിച്ച ഹൈമാസ്സ് വിളക്കിന്റെ സ്ഥാനം അശാസ്ത്രീയമായതിനാല്‍ രാത്രി കാലങ്ങളില്‍ കല്‍മണ്ഡപം ജങ്ഷനില്‍ വെളിച്ചക്കുറവും വാഹനയാത്ര ദുഷ്‌കരവമാവും സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതും വേഗതനിയന്ത്രണ സംവിധാനമില്ലാത്തതും കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.
കല്‍മണ്ഡപം മണലി ബൈപാസ് വഴിയും കാടാങ്കോട് കനാല്‍പാലം വഴിയും വരുന്ന വാഹനങ്ങള്‍ സുല്‍ത്താന്‍പേട്ട മൈതാനം ഭാഗങ്ങളിലേക്ക് പോവുന്നത് കല്‍മണ്ഡപം ജങ്ഷനിലൂടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."