ജാമ്യവ്യവസ്ഥ ലംഘനം: കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന
കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന. ചിന്താ പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യാന്‍ നല്‍കിയ അനുമതിയും കോടതി റദ്ദാക്കി. എറണാങ്കുളം ജില്ല വിട്ടുപോകരുതെന്നും കോടതി നിര്‍്‌ദ്ദേശം നല്‍കി.
കോടതി വ്യവസ്ഥകള്‍ ലംഘിച്ച ഫസല്‍ വധക്കേസിലെ എട്ടാംപ്രതിയായ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കണ്ണൂരില്‍ പ്രവേശിക്കുന്നതിന് കാരായി രാജന് കോടതിവിലക്ക് നിലനില്‍ക്കെ തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തതിനെതിരേയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കാരായി രാജന്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന ടാഗ് അണിഞ്ഞ് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നേടിയിരുന്നു. എന്നാല്‍ താന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നായിരുന്നു കാരായി രാജന്റെ വിശദീകരണം.
2006 ഒക്ടോബറിലാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്ക് പോകാന്‍ സി.ബി.ഐ കോടതി കാരായി രാജന് അനുമതി നല്‍കിയത്.
പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ്‌റീഡറായി ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇളവ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായതിനാല്‍ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോടതിയുടെ അനുമതി നേടിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."