റോഡിലെ കുഴികളടക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചു
തൃപ്രയാര്‍ : പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കി സഞ്ചാര യോഗ്യമാക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും കിഴുപ്പുള്ളിക്കരയിലെ പ്രവാസികളും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ശക്തമാക്കിയതോടെ റോഡ് നന്നാക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കര റോഡ് ആണ് മാസങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്.
പലതവണ അധികാരികളുടെ മുന്നില്‍ ഈ വിഷയം പരാതിയായി പറഞ്ഞിട്ടും ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാരും പ്രവാസികളും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം തുടങ്ങിയത്. റോഡിന്റെ ശോചനീയാവസ്ഥ സൂചിപ്പിക്കുന്ന ഫോട്ടോകളും നാട്ടുകാരുടെ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ശക്തമായതോടെയാണ് അധികാരികളുടെ കണ്ണ് തുറന്നത്.
പഴുവില്‍ പാലം പുതുക്കി പണിയുന്നതിനാല്‍ അത് വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. അതിനാല്‍ തൃപ്രയാറില്‍ നിന്നും തൃശൂരിലേക്കും ഇരിങ്ങാലകുടയിലേക്കും ഉള്ള സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം കിഴുപ്പിള്ളിക്കര വഴിയാണ് കടന്നുപോകുന്നത്. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നു പോയതോടെ കിഴുപ്പിള്ളിക്കര റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി.
ഇതിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ സ്വന്തം കിഴുപ്പിള്ളിക്കര എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ദുബായ്, ഖത്തര്‍ എന്നിവടങ്ങളിലെ പ്രവാസി സുഹൃത്തുക്കളായ ഫൈസല്‍ ഉസ്മാന്‍, ആഷിക്ക് കടവില്‍, ഷാജഹാന്‍ ഗ്രാഫിക്‌സ്, എന്നിവരും നാട്ടുകാരായ സജിതച്ചപ്പിള്ളി, ഫിറോസ് കിഴുപ്പിള്ളിക്കര, ബഷീര്‍ ഞൊണ്ടത്തു പറമ്പില്‍, വിനു ജോയ്, ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങുകയും സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. സേവ് പെരിങ്ങോട്ടുകര അഴിമാവ് റോഡ് എന്ന പേരില്‍ ഒരു ഫേയ്‌സ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്യുകയും.
ഇതിലൂടെ നിരവധി ഫോട്ടോയും വീഡിയോസും പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രതിഷേധവുമായി മറുനാട്ടുകാരുമെത്തി. പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ട ഗീതാ ഗോപി എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാറും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. ഒന്നര മാസത്തിനുള്ളില്‍ പഴുവില്‍ പാലം സഞ്ചാരയോഗ്യമാക്കുമെന്ന് എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.
കിഴുപ്പിള്ളിക്കര റോഡിന്റെ അറ്റകുറ്റ പണിക്കായി 47 ലക്ഷം രൂപയും, റോഡിലെ ചെറിയ പാലങ്ങള്‍, കാനകള്‍ എന്നിവയുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി 11 ലക്ഷം രൂപയും അനുവദിച്ചതായി നാട്ടിക എം.എല്‍.എ ഗീത ഗോപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."