മരണങ്ങളും വിതുമ്പലുകളും തുടര്‍ക്കഥയാകുന്നു
പെരുമാതുറ: ഓരോ അപകട മരണങ്ങളും വന്നെത്തുമ്പോഴും ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഇനിയും സംഭവിക്കരുതേ എന്ന തീരദേശവാസികളുടെ പ്രാര്‍ഥനക്ക് ഫലമില്ലാതാവുകയാണ് പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മാണം.
കടലമ്മ അപഹരിക്കുന്ന വേര്‍പാടുകള്‍ ഓരോന്ന് ഓരോന്നായി ഈ സമൂഹത്തെ വേട്ടയാടുമ്പോഴും ഒന്ന് ഉറക്കെ കരയാന്‍ പോലും കഴിയാതെ നിസ്സഹായരാവുകയാണ് ഇവിടത്തെ ഒരോ മത്സ്യതൊഴിലാളി കുടുബങ്ങളും.
ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയ നാള്‍ മുതല്‍ ആരംഭിച്ച ദുരന്തങ്ങളും തുടര്‍ന്നുള്ള നിലവിളികള്‍ക്കും ഇന്നും ഒരവസാനമായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് അവസാനമായി മുതലപ്പൊഴി ഹാര്‍ബറില്‍ ഒരു വിലപ്പെട്ട ജീവന്‍ കൂടി നഷ്ടപ്പെട്ടത്. മത്സ്യബന്ധനത്തിനായി ഇഞ്ചിന്‍ വള്ളത്തില്‍ ഹാര്‍ബര്‍ അഴിമുഖം കടക്കാനൊരുങ്ങവേ ശക്തമായ തിരയില്‍പ്പെട്ട് കാണാതായ അഞ്ച് തെങ്ങ് ചാബാപുരയിടത്തില്‍ ബൈസിയുടെ മകന്‍ നോര്‍ബന്‍(25)ന്റെ ശവശരീരമാണ് തിങ്കളാഴ്ച കിട്ടിയത്.
ഒരു മാസം മുന്‍പ് ഇതേ സ്ഥലത്ത് തന്നെയായിരുന്നു മത്സ്യബന്ധനത്തിന് പോകവേ വള്ളം മറിഞ്ഞ് കഠിനംകുളം പുതുക്കുറുപ്പി പ്രിന്‍സി കോട്ടേജില്‍ വിക്ടര്‍(37) കടലില്‍ അപ്രത്യക്ഷനായത്. എട്ട് നാള്‍ കഴിഞ്ഞ് ഹാര്‍ബറിന്റെ പുലിമൂട്ടിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ രീതിയില്‍ മൃദദേഹം കണ്ടെത്തിയെങ്കിലും വീണ്ടെടുക്കാന്‍ രണ്ട് നാള്‍ വീണ്ടും വേണ്ടിവന്നു. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ ഇക്കഴിഞ്ഞ ദിവസംവരേയും ഈ മുതലപ്പൊഴി ഹാര്‍ബര്‍ അപഹരിച്ചത് നിരവധി ജീവനുകളാണ്. അഞ്ച് തെങ്ങ് സ്വദേശികളായ വര്‍ഗീസ് (47), പാസ്‌ക്കര്‍ (57), ആന്റണി (45), കഠിനംകുളം ശാന്തിപുരം സ്വദേശി ജോണ്‍സന്‍ (49) എന്നിങ്ങനെ നീണ്ടുപോവുകയാണ് ഈ അഴിമുഖത്ത് പൊലിഞ്ഞ ജീവനുകളുടെ ലിസ്റ്റുകള്‍. ഇതില്‍ കാണാതായ വര്‍ഗീസിന്റെ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഇതേ പോലെ എത്രയോ പേരെ ഇനിയും കണ്ടെത്താനുണ്ട്. മത്സ്യതൊഴിലാളികളുടെ ഉന്നമനവും പ്രദേശത്തെ വളര്‍ച്ചയും മുന്നില്‍ കണ്ട് കൊണ്ട് തുടക്കം കുറിച്ച മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിര്‍മാണം ആരംഭിച്ചത് മുതല്‍ ഇവിടെ അപകടങ്ങള്‍ മാത്രമെ സംഭവിച്ചിട്ടുള്ളൂ.
സ്വപ്നങ്ങള്‍ പൂവണിഞ്ഞ സന്തോഷത്തിന്റെ ദിനങ്ങളെ കാത്തിരുന്ന ഈ തീരം ഇന്ന് അപകടങ്ങളും അപകട മരണങ്ങളുമാണ് കാണുന്നത്.
നിര്‍മാണം തുടങ്ങിയത് മുതല്‍ ഇരുപതില്‍പ്പരം ജീവനുകളുകളാണ് മുതലപ്പൊഴിയും പരിസര തീരങ്ങളും പിടിച്ചെടുത്തത്. ഇതില്‍ മത്സ്യതൊഴിലാളികള്‍ മുതല്‍ വിനോദ സഞ്ചാരികള്‍ വരെയുണ്ട്. കൂടാതെ നൂറിലധികം പരുക്കേറ്റവരുമുണ്ട് ഈ ലിസ്റ്റില്‍. ചെറുതും വലുതുമായ 40ഓളം ദുരന്തങ്ങള്‍ക്കും ഈ തീരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിര്‍മാണംതുടങ്ങിയ നാള്‍ മുതല്‍ ഇതിന്റെ അശാസ്ത്രീയതയെ ജനം ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് മുഖവിലക്കെടുക്കാത്ത ഹാര്‍ബര്‍ അധികൃതര്‍ പിന്നീടുള്ള നിര്‍മാണവേളയില്‍ നിരവധി വെല്ലുവിളികളാണ് നേരിട്ടത്. ഹാര്‍ബറിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മാണത്തിനിടെ നിരവധി തവണയാണ് പൊഴി മൂടിയത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേയും ഈ പ്രവണത നിലനിന്നു. എന്നാല്‍ പുലിമുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പൊഴി മൂടുന്ന അവസ്ഥ അവസാനിച്ചെങ്കിലും ഹാര്‍ബറിന്റെ പ്രവേഷന കവാടത്തിലേക്ക് അടിക്കുന്ന തിരയുടെ ശക്തി കൂടിക്കൂടി വരുന്നതാണ് ഇപ്പോഴത്തെ പ്രതിഭാസം.
ഏത് പ്രതികൂല കാലാവസ്ഥയിലും ഹാര്‍ബര്‍ കവാടത്തിലൂടെ വളരെ സുരക്ഷിതമായിബോട്ടുകള്‍ക്ക് പോകാന്‍ കഴിയണം. എന്നാല്‍ പ്രതീക്ഷിക്കാതെ ഏത് നിമിഷവും ഇവിടേക്ക് തിരയടിക്കുന്ന ഒരു പ്രതിഭാസമാണ് ഈ ഹാര്‍ബറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.
ഓരോ അപകടങ്ങളിലും മരണപ്പെടുന്നവര്‍ക്ക് വേണ്ടി റോഡ് ഉപരോധം, തുറമുടക്കം തുടങ്ങിയ സമരങ്ങള്‍ നടത്തുന്ന തീരദേശവാസികളോട് അധികാരികളെത്തി സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങുന്നതല്ലാതെ കാര്യമായ ഒരു ചര്‍ച്ചയും തീരുമാനവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഹാര്‍ബര്‍ പ്രവര്‍ത്തനരഹിതമാക്കുകയോ മറ്റെന്തെങ്കിലും വഴികളോ കണ്ടെത്താത്ത പക്ഷം മുതലപ്പൊഴി ഇനിയും മനുഷ്യജീവനുകളെ അപഹരിച്ച് കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."