നിയമന ഉത്തരവ് ലഭിച്ചിട്ടും നിയമനമില്ല; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച് മാസങ്ങളായിട്ടും നിയമനമില്ലാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്.
ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചിട്ട് ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല.
ഒഴിവുകള്‍ക്കനുസൃതമായി നിയമനമുണ്ടാവുമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ നിലവില്‍ കെ.എസ്.ഇ.ബിയില്‍ നിരവധി ഒഴിവുകളുണ്ടെന്നും അവ മറച്ചു വയ്ക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ല.
റിട്ടയര്‍മെന്റ് ഒഴിവുകളുള്‍പ്പെടെ ആയിരക്കണക്കിന് ഒഴിവുകള്‍ ഇപ്പോള്‍ വകുപ്പിലുണ്ടായിട്ടും നിയമന നടപടികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ഈ മാസം 18ന് തിരുവനന്തപുരം പട്ടം വൈദ്യുത ഭവന് മുന്‍പില്‍ ഏകദിന ഉപവാസം നടത്തും. നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും ഉപവാസ സമരത്തില്‍ പങ്കെടുക്കും. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായപ്പോള്‍ ശക്തമായ സമരത്തിലൂടെയാണ് ഇവര്‍ അഡൈ്വസ് മെമ്മോ നേടിയത്.
മെമ്മോ നല്‍കി മൂന്ന് മാസത്തിനകം നിയമനം നടത്തുന്നതാണ് പി.എസ്.സി രീതിയെങ്കിലും ഇവരുടെ കാര്യത്തിലതുണ്ടായില്ല എന്നിവര്‍ പരാതിപ്പെടുന്നു. അവസാനമായി 1010 ഒഴിവുകള്‍ ഉണ്ടായ സമയത്ത് കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമായി 466 നിയമനങ്ങള്‍ നടത്തുകയായിരുന്നു. ശേഷം നടപടികളൊന്നുമുണ്ടായില്ല. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചെങ്കിലും നിയമന നടപടികള്‍ നടക്കുന്നുണ്ടെന്ന് കോടതിയില്‍ മറുപടി പറയുകയായിരുന്നു. എന്നാല്‍ 566 പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെന്നല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.എന്നാല്‍ മസ്ദൂര്‍ തസ്തികകളിലുള്ളവരെ നിയമിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ മടിക്കുന്നതിന് മുഖ്യകാരണം ഇവര്‍ക്ക് നിയമനം നല്‍കി പണി പഠിച്ചു വരുമ്പോഴേക്കും പ്രമോഷന്‍ ലഭിച്ച് പോവുന്നതാണ്.
ഇത് വകുപ്പിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂ. അതുകൊണ്ടാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടത്താന്‍ വകുപ്പ് താല്‍പര്യമെടുക്കുന്നതും. നിയമന നടപടികളില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഉദ്യോഗാര്‍ഥികളും കുടുംബാംഗങ്ങളും അനിശ്ചിതകാല സത്യാഗ്രഹമടക്കം ശക്തമായ സമരങ്ങളിലേക്ക് കടക്കുമെന്നും 18ന് നടക്കുന്ന ഉപവാസ സമരം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യുമെന്നും ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ദിനേശന്‍ മലപ്പുറം, ജോസ് കൊല്ലം, ബിനു തിരുവനന്തപുരം, സതീഷ് ഇടുക്കി, താജ്‌മോന്‍ ആലപ്പുഴ, ഷൈന്‍ എറണാകുളം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."