ഈടുനല്‍കിയ വസ്തു വിലയാധാരമായി; കേസ് വനിതാ കമ്മിഷനു മുന്നില്‍
തിരുവനന്തപുരം: നാലുലക്ഷം രൂപ വായ്പ നല്‍കിയതിന് ഈടായി നല്കിയ വസ്തു 17.5 ലക്ഷം രൂപയ്ക്ക് വിലയാധാരമാക്കി രേഖയുണ്ടാക്കിയ കേസ് വനിതാ കമ്മിഷന് മുന്നിലെത്തി.
വായ്പക്കാരിപോലും അറിയാത്ത ആളുടെ പേരിലേക്കാണ് വസ്തു കൈമാറ്റം ചെയ്തത്. പണം നല്‍കിയവരാകട്ടെ നാലു ലക്ഷമല്ല, 17.5 ലക്ഷവും നല്‍കിയെന്ന് വാദിച്ചു.
പരാതിക്കാരിയുടെ മകനാണത്രെ തുക കൈപ്പറ്റിയത്. ഉടമ അറിയാതെ വസ്തു കൈമാറ്റം ചെയ്തതിനാല്‍ പ്രമാണം റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കും മുന്‍പ് മകന്റെ കൂടി മൊഴിയെടുക്കാന്‍ കമ്മിഷന് തീരുമാനിച്ചു. ഇന്നലെ കമ്മിഷന് ആസ്ഥാനത്ത് നടന്ന അദാലത്തില്‍ 100 കേസുകളാണ് പരിഗണിച്ചത്. അദാലത്തിന് കമ്മിഷന് അംഗം അഡ്വ.എം.എസ് താര, ഡയരക്ടര്‍ വി.യു കുര്യാക്കോസ് നേതൃത്വം നല്കി. മലബാറില്‍നിന്ന് തിരുവനന്തപുരത്ത് ജോലിക്കെത്തിയ പൊലിസുകാരന് 10 വര്‍ഷത്തെ ജീവിതത്തിന് ശേഷം തന്നെ പീഡിപ്പിക്കുകയും ഒഴിവാക്കുകയും ചെയ്തുവെന്ന പരാതിയും അദാലത്തിലെത്തി. അവധിക്കാലത്ത് കൂട്ടിക്കൊണ്ടു പോയ മക്കളെ അവിടെ സ്കൂളില്‍ ചേര്‍ത്തുവെന്നും മാതാവിനൊപ്പം ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവതി ബോധിപ്പിച്ചു. യുവതിയെ ജീവിതത്തിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പൊലിസുകാരന് ആവശ്യപ്പെട്ട 10 ദിവസത്തെ സാവകാശം കമ്മിഷന് അനുവദിച്ചു.
കുട്ടികളെ അടുത്ത സിറ്റിങ്ങിന് ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ പിതാവിനൊപ്പം വിട്ടു. യുവതി വനിതാ കമ്മിഷന്റെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അതുവരെ താമസിക്കാമെന്ന് സമ്മതിച്ചു. 37 കേസുകള്‍ക്ക് തീര്‍പ്പാക്കി. 53 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആറു കേസുകളില്‍ വിവിധ വകുപ്പുകളില്‍ റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ കക്ഷികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇന്നു രാവിലെ 10ന് തൈക്കാട് റസ്റ്റ് ഹൗസില്‍ തുടരുന്ന അദാലത്തിന് ചെയര്‍പെഴ്സണ്‍ എം.സി ജോസഫൈന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."