സി.പി.എമ്മും നേതാക്കളെ തേടുന്നു; മറ്റു പാര്‍ട്ടികളിലെ മികച്ച വ്യക്തികളെ സമീപിക്കുമെന്ന് പി. ജയരാജന്‍
കണ്ണൂര്‍: മൂന്നു വര്‍ഷത്തിനു ശേഷം സി.പി.എം സമ്മേളന പ്രക്രിയകളിലേക്ക് നാളെ കടക്കുമ്പോള്‍ മുഖ്യശത്രു ബി.ജെ.പിയും ആര്‍.എസ്.എസും.
സംഘ്പരിവാര്‍ ശക്തികളെ നേരിടാനുള്ള തന്ത്രങ്ങള്‍ക്കായിരിക്കും ബ്രാഞ്ച്തലം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള സി.പി.എമ്മിന്റെ സമ്മേളന വേദികളില്‍ രൂപം നല്‍കുക. പതിവില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടിയിലേക്ക് മറ്റു പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെയും വ്യക്തികളെയും പരസ്യമായി ക്ഷണിച്ചുകൊണ്ടു പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തന്ത്രം സി.പി.എം പരീക്ഷിക്കുന്നതും സംഘ്പരിവാര്‍ ശക്തികളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ബി.ജെ.പിയിലെ തന്നെ പ്രമുഖ നേതാക്കളെ കണ്ണൂരില്‍ സി.പി.എമ്മില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ രാഷ്ട്രീയ നേട്ടമായിട്ടാണ് നേതൃത്വം കാണുന്നത്. ഇതേ രീതിയില്‍ ഇപ്പോള്‍ മറ്റുപല പ്രമുഖ പാര്‍ട്ടികളിലെയും നേതാക്കളും ചില പ്രമുഖ വ്യക്തികളും സി.പി.എം ചേരിയില്‍ എത്താനുള്ള സാധ്യതയാണ് പാര്‍ട്ടി കാണുന്നത്.
രാജ്യത്ത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ദലിത്‌ന്യൂനപക്ഷ വേട്ടയുടെ പശ്ചാത്തലത്തില്‍ മതേതര ചേരികളെ ശക്തിപ്പെടുത്താന്‍ സി.പി.എമ്മിനു മുഖ്യപങ്കു വഹിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെയടിസ്ഥാനത്തിലാണ് പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാന്‍ സമ്മേളന കാലഘട്ടം പാര്‍ട്ടി ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.
ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട നല്ല വ്യക്തികളെ സമീപിക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഒരു വലിയ വിപത്തായി മാറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ ഭാഗമാകാനുള്ള അഭ്യര്‍ഥന മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന്റെ കീഴ്ഘടകമായ ബ്രാഞ്ചുകളുടെ സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. ഒക്‌ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങളും തുടര്‍ന്ന് ഏരിയാ, ജില്ലാ സമ്മേളനങ്ങളും നടക്കും. സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ശേഷം 2018 ഏപ്രിലില്‍ ഹൈദരാബാദിലാണ് 22- ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
നേതൃസ്ഥാനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാതെയായിരിക്കും സംസ്ഥാനത്ത് സി.പി.എമ്മിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുക. കാര്യമായ വിഭാഗീയത പാര്‍ട്ടിയെ അലട്ടുന്നില്ല എന്നതും ആശ്വാസമാണ്.
കേരളത്തില്‍ ഒരു പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഒരു പാര്‍ട്ടി സമ്മേളനം കൂടി നടക്കുമെന്നതിനാല്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള കാര്യമായ ശ്രമമൊന്നും ഇക്കുറി സി.പി.എം സമ്മേളനങ്ങളില്‍ ഉണ്ടാകില്ല. പാര്‍ട്ടി സമ്മേളന നടത്തിപ്പിനായി തയാറാക്കിയ അജണ്ടയിലും കോണ്‍ഗ്രസിനു കാര്യമായ സ്ഥാനമില്ല. ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും പൊതുയോഗങ്ങളില്‍ കാര്യമായ എതിരാളിയായി സി.പി.എം ചിത്രീകരിക്കുന്നില്ലെങ്കിലും പാര്‍ട്ടി സമ്മേളന ചര്‍ച്ചയ്ക്കായുള്ള അജണ്ട കേരളത്തിലെ ആര്‍.എസ്.എസ് വളര്‍ച്ചയ്ക്ക് തടയിടുക എന്നു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."