സഞ്ജീവനിക്ക് സാന്ത്വന വീട് ഉയരും
തളിപ്പറമ്പ്: സാന്ത്വന പരിചരണത്തിന് ജീവിതം സമര്‍പ്പിച്ച ശോഭനയുടെ ശ്രമഫലമായി സഞ്ജീവനിക്ക് സാന്ത്വന വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. പരിസ്ഥിതി വാദത്തിന്റെയും ദേശീയപാത വികസനത്തിന്റെയും പേരില്‍ സഞ്ജീവനിക്ക് സാന്ത്വന വീട് എന്ന സ്വപ്‌നം രണ്ടുവട്ടം പൊലിഞ്ഞെങ്കിലും ഈ 16ന് അത് പൂവിടുകയാണ്. സഞ്ജീവനിയുടെ വളണ്ടിയറായ ശോഭന ദാനമായി നല്‍കിയ ഏഴാംമൈല്‍ ദേശീയപാതക്കടുത്തുള്ള നാലര സെന്റ് സ്ഥലത്താണ് സഞ്ജീവനിയുടെ സ്വന്തം സാന്ത്വനവീടിന്റെ തറക്കല്ലിടല്‍ നടക്കുന്നത്. ഒ.പി വിഭാഗം, ട്രെയിനിങ് സെന്റര്‍, രോഗികള്‍ക്കുള്ള ഉപകരണങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം എന്നിവയാണ് നിര്‍മിക്കുക. തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലേയും നൂറുകണക്കിന് വരുന്ന കിടപ്പുരോഗികള്‍ക്ക് ആശ്വാസത്തിന്റെ ആള്‍രൂപമാണ് ശോഭന. അതിരാവിലെ മുതല്‍ പാതിരാത്രി വരെ സഞ്ജീവനിക്ക് വേണ്ടി ശോഭന രോഗീപരിചരണത്തിന്റെ പാതയിലാണ്. ജില്ലയിലെ ഏറ്റവും മികച്ച സാന്ത്വന പരിചാരികയെന്ന ബഹുമതി ശോഭനയെ പലതവണ തേടിയെത്തിയതും അതുകൊണ്ടാണ്.
സഞ്ജീവനിയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്വന്തമായി ഒരു കെട്ടിടമില്ലെന്ന പരിമിതി തിരിച്ചറിഞ്ഞാണ് കുറ്റിക്കോല്‍ പാലത്തിന് സമീപം തനിക്ക് കിട്ടിയ 10.75 സെന്റ് വരുന്ന കുടുംബസ്വത്ത് ശോഭന സഞ്ജീവനിക്ക് ദാനം ചെയ്തത്. കെട്ടിടം നിര്‍മിക്കാന്‍ ശ്രമിച്ചപ്പോഴാണ് അതിനെതിരെ പരിസ്ഥിതിവാദികള്‍ രംഗത്തുവന്നത്. വിവാദത്തിനില്ലെന്ന് വ്യക്തമാക്കി ശോഭന പിന്‍മാറി. പിന്നീട് കൂവോട് കരീപ്പറമ്പില്‍ തനിക്ക് ലഭിച്ച സ്ഥലം വിട്ടുനല്‍കിയപ്പോഴാണ് നിര്‍ദിഷ്ട ദേശീയപാത ബൈപ്പാസിന് വേണ്ടി ഏറ്റെടുക്കപ്പെട്ടത്. ഇപ്പോള്‍ ഏഴാംമൈലിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന നാലര സെന്റ് സ്ഥലം സഞ്ജീവനിക്ക് എഴുതിനല്‍കി അവിടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. സ്ഥലത്തിന്റെ ആധാരം 16ന് രാവിലെ ഒന്‍പതി ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ.ജെ ദേവസ്യക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."