സി.പി.എം സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; മാര്‍ഗരേഖയുമായി നേതൃത്വം
തിരുവനന്തപുരം: സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ സമ്മേളനങ്ങളിലും ഭാരവാഹിത്വത്തിലും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റി ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി. സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളടങ്ങിയ നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.
ബ്രാഞ്ച് സമ്മേളനങ്ങള്‍ കുടുംബ കൂട്ടായ്മയായാണ് സംഘടിപ്പിക്കേണ്ടത്. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് രണ്ടു വനിതാ അംഗങ്ങളെങ്കിലും വേണം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 40 വയസില്‍ കൂടാന്‍ പാടില്ല. ജനസ്വാധീനമുള്ളവരെയായിരിക്കണം സെക്രട്ടറിയായി തെരഞ്ഞെടുക്കേണ്ടതെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുന്നു. ന്യൂനപക്ഷ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുള്ള പാര്‍ട്ടി അംഗങ്ങളെയും മദ്യപാന ശീലമുള്ളവരെയും തിരുത്തണമെന്നും സംസ്ഥാന കമ്മിറ്റി ബ്രാഞ്ചുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ട്.
വിഭാഗീയത പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന അവകാശവാദത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്. സംഘ്പരിവാറാണ് പ്രധാന ശത്രുവെന്നും അതായിരിക്കണം സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടതെന്നും ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ സമ്മേളനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരായ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണം.
അന്ധവിശ്വാസങ്ങള്‍, ജാതീയത, വിജ്ഞാന വിരുദ്ധമായ ആചാരങ്ങള്‍, സ്ത്രീകളോടുള്ള പുരുഷമേധാവിത്വപരവും നാടുവാഴിത്തപരവുമായ വീക്ഷണം എന്നിവ എത്രത്തോളം ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രേഖപ്പെടുത്തണം.
ഏരിയാ കമ്മിറ്റികള്‍ക്കുകീഴില്‍ പ്രാദേശികമായ ചെറുത്തുനില്‍പ്പു സംവിധാനമുണ്ടോയെന്ന് വ്യക്തമാക്കണം. പാര്‍ട്ടിയില്‍ മൂന്നുപ്രാവശ്യം പൂര്‍ണമായി കാലാവധി കഴിഞ്ഞ സെക്രട്ടറിമാര്‍ തുടരരുതെന്നാണ് ചട്ടമെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ആവാം. നാലാമത്തെ കാലാവധിക്കുശേഷം ആരും തെരഞ്ഞെടുക്കപ്പെടരുത്. തെരഞ്ഞെടുപ്പുണ്ടായാല്‍ വോട്ട് ചോദിക്കാന്‍ പാടില്ല. ഈ ഘട്ടത്തില്‍ ബദല്‍പട്ടികയോ സ്ലിപ്പ് വിതരണമോ ചെയ്യുന്നത് വിഭാഗീയതയാണ്.
തെരഞ്ഞെടുപ്പുണ്ടായാല്‍ ചായകുടിക്കാനുള്ള ഇടവേളപോലും പാടില്ലെന്നും നിര്‍ദേശമുണ്ട്. പദവി അലങ്കാരമായി കാണുന്നവരെ നേതൃനിരയില്‍ കൊണ്ടുവരരുത്. പാര്‍ട്ടിയുടെ വളര്‍ച്ച ലക്ഷ്യമാക്കി പൂര്‍ണസമയവും പ്രവര്‍ത്തിക്കുന്നവരെയാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍ വേണ്ടത്. ബ്രാഞ്ച് അതിര്‍ത്തിയിലെ വീടുകളെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടിനൊപ്പം നല്‍കാനും നിര്‍ദേശമുണ്ട്. സംഘടനാശാക്തീകരണം ലക്ഷ്യമിട്ടുള്ള സംഘടനാപ്ലീനത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാന കമ്മിറ്റി ബ്രഞ്ച് തലം മുതലുള്ള കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പുതിയ ലോക്കല്‍, ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ രണ്ടുപേരെങ്കിലും 40 വയസില്‍ താഴെയുള്ളവരായിരിക്കണം. ന്യൂനപക്ഷ, പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യവും ഉറപ്പാക്കണം. ഏരിയാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 19ല്‍നിന്ന് 21 ലേക്ക് ഉയര്‍ത്താനും നിര്‍ദേശമുണ്ട്. ജില്ലാ കമ്മിറ്റിയിലേക്ക് ന്യൂനപക്ഷ, പട്ടികജാതി അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സംസ്ഥാനസമിതിയില്‍ പ്രത്യേക ക്ഷണിതാക്കളെ കൂടാതെ 80 വരെ അംഗങ്ങളാകാമെന്നും നാനൂറില്‍ കൂടുതല്‍ അംഗങ്ങളുള്ള ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."