സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ എല്ലാരംഗത്തും സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് യു.ഡി.എഫ്. ഓണം കഴിഞ്ഞിട്ടും വിലവര്‍ധന തുടരുകയാണെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും യു.ഡി.എഫ് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാനം വിലക്കയറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണ്. സര്‍ക്കാരിന്റെ കഴിവുകേടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് വിലക്കയറ്റത്തിനു കാരണം. ഇന്ധനവില എല്ലാദിവസവും വര്‍ധിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നുനില്‍ക്കുമ്പോഴാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ചു ജനങ്ങളെ കൊള്ളയടിക്കുന്നത്. ജി.എസ്.ടി വരുമ്പോള്‍ വില കുറയുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കും പാഴായി. ഒന്നിനും വില കുറഞ്ഞില്ലെന്നു മാത്രമല്ല, വ്യാപാരികള്‍ തോന്നിയ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുകയുമാണ്.
ക്രമസമാധാനനില ഇത്രയും വഷളായ കാലഘട്ടം വേറെ ഉണ്ടായിട്ടില്ല. സ്ത്രീപീഡനങ്ങളും ദലിത് പീഡനങ്ങളും വര്‍ധിക്കുന്നു. മദ്യമാഫിയയ്ക്കു മുന്നില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനങ്ങളിലൂടെ അടച്ച ബാറുകള്‍ ഏറെക്കുറെ തുറക്കുന്ന അവസ്ഥയായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരില്‍നിന്ന് കോടികള്‍ വാങ്ങിയതിന്റെ പ്രത്യുപകാരമാണ് ചെയ്യുന്നത്. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതില്‍ വലിയ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ കാണിക്കുന്നത്.
സംഘ്പരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ അതിനെതിരേ ചെറുവിരല്‍ പോലുമനക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സ്വാശ്രയ മേഖലയെ പൂര്‍ണമായും തീറെഴുതി വിദ്യാര്‍ഥികളെ വഴിയാധാരമാക്കുകയാണ് സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുവാങ്ങുന്ന കൊള്ളപ്പലിശക്കാരായി സ്വാശ്രയ ലോബി മാറിയതിനുപിന്നില്‍ സര്‍ക്കാരിന്റെ അകമഴിഞ്ഞ പ്രോത്സാഹനം മാത്രമായിരുന്നു. സംസ്ഥാനത്തെ ആരോഗ്യരംഗം ഭീതിജനകമായ അവസ്ഥയിലാണെന്നും പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."