വേങ്ങര: യു.ഡി.എഫ് ഗോദയിലേക്ക്
തിരുവനന്തപുരം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്ക് യു.ഡി.എഫ് ഇറങ്ങുന്നു. സ്ഥാനാര്‍ഥിയെ മുസ്‌ലിം ലീഗ് നേതൃത്വം ഈ മാസം 19നോ 20നോ പ്രഖ്യാപിക്കും. 20ന് ചേരുന്ന നിയോജകമണ്ഡലം കണ്‍വന്‍ഷനോടെ അങ്കത്തിനു തുടക്കമിടാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.
22ന് പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ നടക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടക്കും. വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും യു.ഡി.എഫ് പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്തലാകും. അവരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ വിധിയഴുത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കെ.എം മാണിയുടെ പാര്‍ട്ടി പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭമാരംഭിക്കും. ഒക്ടോബര്‍ അഞ്ചിന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നിലും രാപകല്‍ സമരം നടത്തും. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ പ്രക്ഷോഭ യാത്ര നടത്തും. മഞ്ചേശ്വരത്ത് എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുന്ന യാത്രയുടെ സമാപന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
സമാപന ദിനത്തില്‍ തിരുവനന്തപുരത്ത് വന്‍ റാലിയും സംഘടിപ്പിക്കും. യാത്രയുടെ ഒരുക്കങ്ങള്‍ക്കായി വി.ഡി സതീശന്‍ കണ്‍വീനറും എം.കെ മുനീര്‍, ജോണി നെല്ലൂര്‍, വര്‍ഗീസ് ജോര്‍ജ്, എന്‍.കെ പ്രേമചന്ദ്രന്‍, സി.പി ജോണ്‍, ദേവരാജന്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 20 മുതല്‍ യു.ഡി.എഫ് ജില്ലാ കണ്‍വന്‍ഷനുകളും നടക്കും. കൊല്ലത്തായിരിക്കും ആദ്യ ജില്ലാ കണ്‍വന്‍ഷനെന്ന് ചെന്നിത്തല പറഞ്ഞു.
വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കും: ഇ.ടി
കണ്ണൂര്‍: വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ലീഗ് സ്ഥാനാര്‍ഥിയെ 19ന് പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പലതും സത്യമല്ല.
തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ സര്‍വേകള്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതൊക്കെ പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണെന്നും യുവാക്കളെ മത്സരിപ്പിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഹിംഗ്യ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും പീഡിപ്പിക്കപ്പെടുന്നവന്റെ കൂടെയാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മത്സരരംഗത്ത് ചെറുപാര്‍ട്ടികളും
ഫസല്‍ മറ്റത്തൂര്‍
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കളംനിറയാന്‍ ചെറുപാര്‍ട്ടികളും. പ്രധാന പാര്‍ട്ടികള്‍ക്കുമുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനാണ് ചെറുപാര്‍ട്ടികളുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി പാര്‍ട്ടികള്‍ക്കുപുറമെ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ ചെറുപാര്‍ട്ടികളും മത്സരരംഗത്തുണ്ടായിരുന്നു.
ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാത്ത തെരഞ്ഞെടുപ്പാണെന്നുപറഞ്ഞ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍നിന്ന് മാറിനിന്ന എസ്.ഡി.പി.ഐ ഇന്നലെ തങ്ങളുടെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ഹാദിയ കേസില്‍ ഷഫിന്‍ ജഹാന് വേണ്ടി സുപ്രിംകോടതിയെ സമീപിച്ചയാളുമായ കെ.സി നസീറിനെ പ്രഖ്യാപിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടക്കലിലും 2016ലെ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. ജനതാദള്‍ (നാഷനലിസ്റ്റ് പാര്‍ട്ടി) സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ ഷാ മത്സരിക്കുമെന്ന് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,864 വോട്ടുമാത്രംകിട്ടി ഏറെ പിറകിലായ വെല്‍ഫെയര്‍പാര്‍ട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. 19ന് തൃശൂരില്‍ നടക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം 20ന് പാര്‍ട്ടിയുടെ നിലപാട് അറിയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,472 വോട്ടു നേടിയ പി.ഡി.പിയുടെ യോഗം ഇന്ന് നടക്കും. ഇതിനുശേഷം പാര്‍ട്ടി തീരുമാനം ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി അറിയിക്കും.
മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം 19ന് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം 16നോ 17നോ സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. 17നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."